Wed. Apr 24th, 2024

തൃക്കാക്കര:

തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് പണം നൽകിയെന്ന ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങുകയാണ് ഭരണസമിതി. വിജിലൻസിന്‍റെ പരിശോധന പുരോഗമിക്കുന്നതിനിടെ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഇന്ന് നഗരസഭയിൽ എത്തും. ചെയർപേഴ്സനെതിരായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.

നഗരസഭയിൽ നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്. ചെയർപേഴ്സന്‍റെ മുറിയിൽ നിന്ന് കവറുമായി ഇറങ്ങി പോകുന്ന കൗൺസിലർമാരെ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിജിലൻസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിന്ന് കൂടി വിവരങ്ങൾ ശേഖരിച്ച ശേഷമാകും അന്വേഷണത്തിന് ശിപാർശ ചെയ്യണോ എന്ന് വിജിലൻസ് തീരുമാനിക്കൂ.

വിജിലൻസ് സീൽ ചെയ്തെങ്കിലും ഇന്ന് ഓഫീസിൽ എത്തുമെന്ന് ചെയർപേഴ്സൺ അജിത തങ്കപ്പൻ വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസ് തുറന്ന് അകത്തു കയറണമോ എന്നതിൽ തീരുമാനം എടുത്തിട്ടില്ല. വെള്ളിയാഴ്ച ഉണ്ടായ ബഹളങ്ങൾക്ക് ശേഷം ആദ്യമായാണ് ചെയർപേഴ്സൺ നഗരസഭയിൽ എത്തുന്നത്.

അതുകൊണ്ട് തന്നെ പ്രതിഷേധം കടുപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്‍റെയും തീരുമാനം. പണം നൽകിയെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണത്തെ നിയമപരമായി നേരിടാനുള്ള ഒരുക്കത്തിലാണ് ഭരണസമിതി. ആരോപണം ഉന്നയിച്ച കൗൺസിലർമാർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനും ആലോചന ഉണ്ട്.