Wed. Jan 22nd, 2025

കൊച്ചി:

ചെല്ലാനം തീരസംരക്ഷണത്തിനുള്ള 344 കോടി രൂപയുടെ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചു. അടുത്ത കാലവർഷംമുതൽ ചെല്ലാനം നിവാസികളെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്ന്‌ ഉറപ്പാക്കുന്നതാണ്‌ പദ്ധതി. കാലതാമസമില്ലാതെ നിർമാണജോലികൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനത്തെ കടൽകയറ്റവും തീരശോഷണവും തടഞ്ഞ്‌ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കലാണ് ലക്ഷ്യം. സെപ്‌തംബർ 15ന് ആരംഭിക്കുന്ന ടെൻഡർ നടപടി നവംബറിൽ പൂർത്തിയാക്കും. അതിരൂക്ഷമായ കടലാക്രമണം നേരിടുന്ന സംസ്ഥാനത്തെ 10 ഹോട്ട്സ്പോട്ടുകളിൽ ഒന്നായ ചെല്ലാനത്താണ്‌ ആദ്യം നിർമാണം ആരംഭിക്കുന്നത്‌.

അഞ്ചുവർഷത്തിനകം 5300 കോടി ചെലവഴിച്ച്‌ തീരദേശസംരക്ഷണം നടപ്പാക്കും. ടൂറിസംവകുപ്പിന്റെ സഹകരണത്തോടെ ചെല്ലാനത്ത് ടൂറിസം കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനം തീരസംരക്ഷണത്തിന്‌ അതിവേഗ പ്രവർത്തനമാണ് നടന്നതെന്ന്‌ മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതി പൂർത്തിയാകുമ്പോൾ കൃത്രിമ ബീച്ച് നിർമാണം നടത്തിയാൽ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാനാകുമെന്നും ചടങ്ങിൽ അധ്യക്ഷനായ പി രാജീവ് പറഞ്ഞു.

ഹൈബി ഈഡൻ എംപി, കെ ജെ മാക്സി എംഎൽഎ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്,  അഡീഷണൽ ചീഫ് സെക്രട്ടറി (ജലവിഭവവകുപ്പ്) ടി കെ ജോസ്,  ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, ജലസേചനവകുപ്പ് ചീഫ് എൻജിനിയർ അലക്സ് വർഗീസ്‌, ജില്ലാപഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി എന്നിവർ പങ്കെടുത്തു.