Mon. Dec 23rd, 2024

ചാവക്കാട്:

പഞ്ചാരമുക്കില്‍ മുക്കുപണ്ടം നല്‍കി പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേർ പിടിയില്‍. കോതമംഗലം മലയിൽ വീട്ടിൽ ജോസ് സക്റിയ (44), ഗുരുവായൂർ കോട്ടപടി പുതുവീട്ടീൽ ഉമ്മർ ഖാദർ (68) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ കെഎസ് സെൽവരാജ് അറസ്റ്റ് ചെയ്തത്.

പഞ്ചാരമുക്കിൽ തച്ചപ്പള്ളി മനോജിൻ്റെ ഉടമസ്ഥതയിലുള്ള തച്ചപ്പള്ളി നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തില്‍ ശനിയാഴ്ച ഉച്ചക്കാണ് ഇരുവരും തട്ടിപ്പിനായെത്തിയത്. രണ്ടു പവ​ന്റെ കൈ ചെയിന്‍ എന്ന വ്യാജ്യേനയാണ് പ്രതികള്‍ മുക്കുപണ്ടം വിറ്റ് കാശാക്കാന്‍ ശ്രമിച്ചത്. കൈ ചെയിന്‍ കണ്ട് സംശയം തോന്നിയ മനോജ് പരിശോധനക്ക് ജീവനക്കാരെ ഏല്‍പ്പിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു സ്ഥിരീകരണമുണ്ടായത്.

ഇതോടെ രണ്ട് പേരും ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും മനോജ് സ്ഥാപനത്തി​ന്റെ പ്രവേശന വാതിലിന് സമീപം നിലയുറപ്പിച്ചു നിന്നു. തുടർന്ന്​ ചാവക്കാട് പൊലീസിൽ വിവരമറിയിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്​തു. ഇരുവരും മുമ്പും മുക്ക്പണ്ടം പണയം വെച്ച കേസിലെ പ്രതികളാണെന്ന് അറിവുലഭിച്ചതായി പൊലീസ് പറഞ്ഞു.