Tue. Mar 19th, 2024
The Taliban so far

 

അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന സംഘടന 90-കളുടെ തുടക്കത്തിൽ രൂപപ്പെടുന്നത്

മുജാഹിദീൻ വിഭാഗത്ത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് വിഭിന്നമായി സമാധാനവും സുരക്ഷിതത്വവും രാജ്യത്ത് പുനസ്ഥാപിക്കുക, ശരീഅ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയായിരുന്നു താലിബാന്റെ വാഗ്ദാനങ്ങൾ.

1995 സെപ്റ്റംബറിൽ അവർ ഇറാൻ അതിർത്തിയിലെ ഹെറാത്ത് പ്രവിശ്യ പിടിച്ചെടുത്താണ് സ്വാധീനം വ്യാപിപ്പിച്ചത്. കൃത്യം ഒരു വർഷത്തിനുശേഷം അവർ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ പിടിച്ചടക്കി. 1998 ആയപ്പോഴേക്കും അഫ്ഗാനിസ്ഥാനിലെ തൊണ്ണൂറു ശതമാനവും താലിബാൻ നിയന്ത്രണത്തിലായി. മുജാഹിദ്ദീൻ വിരുദ്ധ വികാരവും താലിബാന്റെ വാഗ്ദാനങ്ങളും തുടക്കത്തിൽ അഫ്ഗാൻ ജനതയെ താലിബാനിലേക്ക് അടുപ്പിച്ചെങ്കിലും തുടർന്നുള്ള അവരുടെ പ്രവർത്തനങ്ങൾ പക്ഷെ അഫ്ഗാൻ ജനതയെ മാറിചിന്തിപ്പിച്ചു.

അധികാരത്തിലേക്ക് വന്ന താലിബാൻ പുരുഷന്മാർ താടി വളർത്തണം, സ്ത്രീകൾ ശരീരം മുഴുവൻ മൂടുന്ന ബുർക്ക ധരിക്കണം എന്നീ നിയമങ്ങൾ നടപ്പാക്കുകയും,ടെലിവിഷൻ, സംഗീതം, സിനിമ എന്നിവ നിരോധിക്കുകയും  10 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് വിലക്കുകയും ചെയ്തു. 

ഭീകരവാദവും അക്രമരീതികളും പിന്തുടർന്ന താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയപ്പോൾ അന്താരാഷ്‌ട്ര തലത്തിൽ അന്ന് അതിന് അംഗീകാരം നൽകിയത് പാകിസ്താനും, യുഎഇയും, സൗദി അറേബിയയും മാത്രമാണ്. 

രാജ്യത്തിനകത്തുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കപ്പുറം 2001-ൽ മധ്യ അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ ബാമിയൻ ബുദ്ധ പ്രതിമകൾ തകർത്ത  താലിബാൻ തീരുമാനം അന്താരാഷ്ട്ര തലത്തിൽ ഏറെ വിമര്ശനങ്ങൾക്കിടയാക്കി. അതിനുശേഷം താലിബാൻ ഭീകരവാദം ലോകശ്രദ്ധ നേടിയത് 2001 സെപ്തംബർ  11-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്. നേരിട്ട് ആക്രമണത്തിൽ പങ്കില്ലായിരുന്നിട്ടും പ്രധാന സൂത്രധാരനായ ഒസാമ ബിൻ ലാദനും അദ്ദേഹത്തിന്റെ അൽ-ക്വയ്ദ പ്രസ്ഥാനത്തിനും അഭയകേന്ദ്രം നൽകിയത് താലിബാൻ ആയിരുന്നു.

ഇതിനു പ്രതികാരമെന്നവിധം 2001 ഒക്ടോബർ 7-ന് യുഎസ് പ്രസിഡന്റ് ജോർജ് ഡബ്യു ബുഷ് താലിബാനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ഡിസംബർ ആദ്യ ആഴ്ചയോടുകൂടി തന്നെ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം അട്ടിമറിക്കുകയും ചെയ്തു. താലിബാന് അധികാരം നഷ്ടമായതിനെത്തുടർന്ന് ബിൻ ലാദനും താലിബാൻ നേതാവ് മുല്ല ഒമർ മുഹമ്മദും പാകിസ്ഥാനിൽ ഒളിവിൽ പോവുകയും അവിടെനിന്ന് സൈനിക നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

യുഎസ് അഫ്ഗാനിസ്ഥാനിൽ താൽക്കാലിക ഭരണ സംവിധാനം ഉറപ്പാക്കുകയും രാജ്യത്തിന്റെ തകർന്ന അടിത്തറ കെട്ടിപ്പടുക്കാനായി സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തു. രാജ്യത്ത് ആദ്യമായി ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിലും അന്ന് യുഎസ് വലിയ പങ്ക് വഹിച്ചു.

സുതാര്യമായ ഭരണ സംവിധാനം ഉറപ്പാക്കുന്നതിലൂടെയും അടിസ്ഥാന വികസനപ്രവർത്തനങ്ങൾക്ക് കൈത്താങ്ങ് നല്കിയതിലൂടെയും യുഎസ് അഫ്ഗാൻ ജനതയ്ക്കിടയിൽ വലിയ വിശ്വാസ്യത നേടിയെടുത്തു. പക്ഷേ താലിബാനേയും അൽ-ക്വയ്ദയേയും നിർവീര്യമാക്കാൻ ഇറങ്ങിത്തിരിച്ച  അമേരിക്ക ആ ദൗത്യം എളുപ്പത്തിൽ നേടിയെടുക്കാനാവുന്നതല്ല എന്ന് തിരിച്ചറിഞ്ഞു.

നീണ്ട 10 വർഷത്തെ ദൗത്യങ്ങൾക്കൊടുവിൽ 2011-ൽ ബിൻ ലാദൻ അമേരിക്കൻ സേനയാൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പക്ഷെ ഇവയൊന്നും താലിബാൻറെ വളർച്ചയെ തടയുന്നതിനായി അമേരിക്കയ്ക്കും  അഫ്ഗാൻ സേനയ്ക്കും ഉപകാരപ്പെട്ടില്ല.

വ്യാപകമായി അനേകം ഭീകരാക്രമണങ്ങൾക്കൊടുവിൽ 2013-ൽ താലിബാൻ സമാധാന ശ്രമങ്ങൾക്കായി മുൻപോട്ട് വരികയും ഖത്തറിൽ സ്വന്തമായി ഓഫീസ് തുടങ്ങുന്നതായും പ്രഖ്യാപിച്ചു. താലിബാൻ നേതാവ് മുല്ല ഒമർ പാകിസ്ഥാനിൽ 2013-ൽ മരണപ്പെട്ടു എന്ന കാര്യം രണ്ടു വർഷങ്ങൾക്കിപ്പുറം 2015-ൽ താലിബാൻ സ്ഥിരീകരിക്കുകയും  ഒമറിന്റെ ഡെപ്യൂട്ടി ആയ മുല്ല മൻസൂർ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു.

2016-ൽ മുല്ല മൻസൂർ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെടുകയും ഹിബത്തുള്ള അഖുൻസാദ നേതൃത്വത്തിലേക്ക് വരികയും ചെയ്തു. 2017-ൽ അഖുൻസാദയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒരു തുറന്ന കത്ത് നൽകുകയും, വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, താലിബാനും ട്രംപ് ഭരണകൂടവും ഒടുവിൽ 2020-ൽ സമാധാന ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. 

ഉടമ്പടിയിൽ സൈന്യത്തെ പിൻവലിക്കാമെന്നും 5,000-ത്തോളം താലിബാൻ തടവുകാരെ മോചിപ്പിക്കാമെന്നും അമേരിക്ക സമ്മതിച്ചു, അതേസമയം അൽ-ക്വയ്ദ ഉൾപ്പെടെയുള്ള ഏതെങ്കിലും ഗ്രൂപ്പിനെയോ വ്യക്തിയെയോ യുഎസിന്റെയോ സഖ്യകക്ഷികളുടെയോ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നത് തടയാൻ നടപടിയെടുക്കാമെന്ന് താലിബാന് സമ്മതിക്കേണ്ടിവന്നു. 

പക്ഷെ സമാധാന ഉടമ്പടിക്കുശേഷം രാജ്യത്തിനകത്ത് താലിബാൻ അക്രമം രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വളരുകയാണുണ്ടായത്. അക്രമത്തിലൂടെ നഗര പ്രദേശങ്ങളുടെ പുറത്ത് അവർ ഏകദേശം അൻപത് മുതൽ  എഴുപത് ശതമാനം പ്രദേശങ്ങൾ പിടിച്ചടക്കി. 

രാജ്യാന്തര പിന്തുണയില്ലായ്മയും താലിബാൻ മുന്നോട്ടുവയ്ക്കുന്ന ഭീഷണിയും  സർക്കാരിനെ ദുർബലമാക്കുന്നു എന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ ആശങ്ക അറിയിച്ചെങ്കിലും 2021 ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എല്ലാ അമേരിക്കൻ സേനകളും സെപ്റ്റംബർ 11-ഓടെ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുമെന്നു പ്രഖ്യാപിക്കുകയാണ് ചെയ്തത്.

തങ്ങൾക്കെതിരായ മുഖ്യശക്തി പിൻവാങ്ങുന്നുവെന്ന തീരുമാനം താലിബാൻറെ പിടിച്ചടക്കൽ ലക്‌ഷ്യം അതോടെ ശക്തി പ്രാപിക്കുകയും പിൻവാങ്ങലിനുശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും അഫ്ഗാൻ സർക്കാരിന് നിലനിൽക്കാനാവുമെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ തകിടം മറിക്കുകയുമാണ് ചെയ്തത്. 

തുടർന്ന് ഓഗസ്റ്റ് ആദ്യ പകുതിയിൽ 85,000-ഓളം വരുന്ന താലിബാൻ സേനക്കുമുൻപിൽ  3,08,000-ഓളം വരുന്ന അഫ്ഗാൻ സേന ഏറ്റുമുട്ടൽ ഒഴിവാക്കി അടിയറവ് പറയുകയാണുണ്ടായത്. അഫ്ഗാനിസ്ഥാൻ കയ്യടക്കിയ താലിബാൻ ഓഗസ്റ്റ് 16-ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്‍ഗാനിസ്ഥാന്‍ എന്ന് രാജ്യത്തെ പുനർനാമകരണം ചെയ്തു.

താലിബാന്റെ മുന്നേറ്റം അഫ്ഗാന്റെ തൊണ്ണൂറു ശതമാനത്തോളം പ്രദേശങ്ങൾ അവരുടെ അധീനതയിലാക്കുകയും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി ഒളിവിൽ പോവുകയും ചെയ്തു. പിന്നീട് ലോകം കണ്ടത് പരിഭ്രാന്തരായ അഫ്ഗാൻ ജനത രാജ്യത്തിനു പുറത്ത് അഭയത്തിനായി അപേക്ഷിക്കുന്നതാണ്. അതിൻറെ ശ്രമമായി കാബുളിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ എങ്ങനെയും കയറിപ്പറ്റാനുള്ള ജനത്തിന്റെ ദൃശ്യങ്ങൾ രാജ്യത്തെ അരക്ഷിതാവസ്ഥയുടെ കൃത്യമായ പ്രതിഫലനമാണ്. 

ഭരണം കയ്യടക്കിയതോടുകൂടി താലിബാൻ ശരിഅ നിയമങ്ങൾ നടിപ്പിലാക്കുമെന്നും രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടുകയും, അഫ്ഗാൻ ഭരണകൂടത്തിനുവേണ്ടി പ്രവർത്തിച്ച ആളുകളുടെയും വിവരങ്ങൾ പുറംലോകത്തെത്തിച്ച മാധ്യമപ്രവർത്തകരുടെയടക്കം ജീവന് ഭീഷണിയുണ്ടെന്നുള്ള ഭീതി നിലനിൽക്കുന്നുമുണ്ട്. 

നിലവിൽ അഫ്ഗാൻ സമ്പദ്‌സ്രോതസ്സ് പൂർണമായും അനധികൃത ലഹരികടത്തിനേയും  അനധികൃത ഖനനത്തിനേയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കലാപം മൂലം അടിസ്ഥാന സൗകര്യങ്ങൾ പോലും ജനതക്ക് ലഭ്യമാക്കാൻ കഴിയാത്ത രാജ്യത്ത് അക്രമങ്ങളിലൂടെ ഭരണം കയ്യാളിയ താലിബാനെക്കൊണ്ട് സമ്പദ്ഘടന കൈകാര്യം ചെയ്യാൻ കഴിയുമോയെന്നുമുള്ള ചോദ്യങ്ങൾ ബാക്കി നിൽക്കുകയാണ്. 

ഐക്യരാഷ്ട്ര സഭ അടക്കം നിശ്ചലമായ സാഹചര്യത്തിൽ ഇനി ശക്തികേന്ദ്രങ്ങളായ രാജ്യങ്ങളുടെ ഊഴമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ യുഎസിന്റെ പിന്മാറ്റത്തെത്തുടർന്ന് അവരുടെ മുഖ്യ എതിരാളികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയും റഷ്യയുമാണ് ചർച്ചകൾക്കായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. പക്ഷെ അഫ്ഗാൻ സാഹചര്യത്തെ ഇടപെടുന്ന രാജ്യങ്ങൾ രാഷ്ട്രീയ അധികാര മുതലെടുപ്പിനുപയോഗിക്കാൻ ശ്രമിച്ചാൽ സ്ഥിതിഗതികൾ വഷളാകുകതന്നെ ചെയ്യും.

റിപ്പോർട്ടുകൾ പ്രകാരം താലിബാനുമായുള്ള ഏറ്റുമുട്ടലിൽ അഫ്ഗാനിസ്ഥാനിൽ രണ്ടുലക്ഷത്തിനടുത്ത് ജീവനികൾ പൊലിഞ്ഞു എന്നാണ് കണക്കാക്കുന്നത്. ഇതിൽ 50000-ഓളം സാധാരണ പൗരന്മാരും 2500-ഓളം അമേരിക്കൻ സൈനികരും 50000-നു മുകളിൽ താലിബാൻ പ്രവർത്തകരും ഉൾപ്പെടും.

താലിബാനും അവരുടെ പ്രവർത്തനങ്ങളും നമുക്ക് മുന്നിൽ വയ്ക്കുന്നത് വലിയ ഭീഷണി തന്നെയാണ്. പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട, പ്രതീക്ഷകൾ അസ്തമിച്ച  ഒരു ജനത നീതിക്കായി മുറവിളികൂട്ടുന്നത് നമ്മൾ കണ്ടില്ലെന്നു നടിക്കരുത്.