Mon. Apr 15th, 2024

കലാകാരന്മാർക്ക് നൽകുന്ന ഗ്രാൻ്റിൽ മഞ്ജുവാര്യർ അടക്കമുള്ളവരുണ്ടായിരുന്നു. പക്ഷേ വർഷങ്ങളായി കല അഭ്യസിക്കുന്ന ദളിത് ബഹുജൻ മനുഷ്യർക്ക് അവിടെ സ്ഥാനമില്ല


ർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നിരിക്കുന്നത്.  സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ദളിത് പ്രവർത്തകർ തങ്ങളുടെ  സമൂഹമാധ്യമങ്ങളിലൂടെ വിമർശനമറിയിച്ചിട്ടുണ്ട്. 

ആർ എൽ വി രാമകൃഷ്ണനെതിരെയുണ്ടായ ജാതീയധിക്ഷേപം ഒറ്റപ്പെട്ട സംഭവമല്ലെന്നും ദളിത് ബഹുജൻ മനുഷ്യരെ നിരന്തരമായി അപമാനിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും ചരിത്ര ഗവേഷകയായ മാളവിക ബിന്നി വോക്ക് മലയാളത്തോട് പറഞ്ഞു. 

‘കലാമണ്ഡലം സത്യഭാമ എന്ന സ്ത്രീ നിരുപാധികം മാപ്പു പറയണം. പക്ഷേ മാപ്പ് പറച്ചിലുകൊണ്ട് മാത്രം തീരുന്ന ഒരു പ്രശ്നമല്ലല്ലോ ഇത്. ഇത് ആർ എൽ വി രാമകൃഷ്ണൻ്റെ മാത്രം കാര്യമല്ല. ജാസി ഗിഫ്റ്റിനുണ്ടായ അനുഭവം കണ്ടില്ലേ. ഒരാഴ്ച പോലുമായില്ല. നിരന്തരമായി ദളിത് ബഹുജൻ മനുഷ്യർക്ക് അപമാനം നേരിടേണ്ടി വരുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. ആർ എൽ വി രാമകൃഷ്ണനെ പോലുള്ള അനുഗ്രഹീതനായ കലാകാരനെക്കുറിച്ചാണ് ഇവർ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സിവി ഒന്ന് നോക്കൂ. എംഫില്ലിലും എംഎക്കുംമെല്ലാം ടോപ് സ്കോററാണ് അദ്ദേഹം. എന്നിട്ടും നിരന്തരമായ അവഹേളനമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. 

ഇത് ആദ്യത്തെ സംഭവമല്ല. നാല് വർഷം മുൻപ് ഒരു അക്കാദമി സംഘടിപ്പിച്ച ഒരു പ്രോഗ്രാമിൽ കൂടിയാട്ടത്തിലും മോഹിനിയാട്ടത്തിലുമെല്ലാം വിദഗ്ധരായവരെ ക്ഷണിച്ചിരുന്നു. അവിടെയും അവഗണിക്കപ്പെട്ടത് ആർ എൽ വി രാമകൃഷ്ണനാണ്. ഈ കലാരൂപങ്ങൾ ചെയ്യുന്ന അവർണരായിട്ടുള്ള ഒരാളുപോലും ആ ലിസ്റ്റിലുണ്ടായിരുന്നില്ല. ആർക്കൊക്കെയാണ് ഗ്രാൻ്റ് കൊടുക്കുന്നതെന്നും ഞാൻ പരിശോധിച്ചിരുന്നു. മഞ്ജുവാര്യർ അടക്കമുള്ളവർ അതിലുണ്ടായിരുന്നു. പക്ഷേ വർഷങ്ങളായി കല അഭ്യസിക്കുന്ന ദളിത് ബഹുജൻ മനുഷ്യർക്ക് അവിടെ സ്ഥാനമില്ല. ഈയൊരു പശ്ചാത്തലത്തിൽ നിന്നെത്തി കല അഭ്യസിച്ച് അതിൽ പ്രാവിണ്യം തെളിയിക്കുന്നവർക്ക് പോലും അവഹേളനം നേരിടേണ്ടി വരുന്നു എന്ന് പറയുന്നത് കഷ്ടമാണ്’, മാളവിക ബിന്നി പറഞ്ഞു.  

നിരന്തരമായി ഒരു വിഭാഗത്തിന് അവഗണനകൾ സംഭവിക്കുന്നത് നിഷ്കളങ്കമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നില്ലെന്നും പ്രബുദ്ധ കേരളമെന്ന് പറയുന്നുണ്ടെങ്കിൽ പോലും ജാതീയത മനസിലുള്ള ഒരു സമൂഹമാണ് നമ്മുടേതെന്നും മാളവിക ബിന്നി കൂട്ടിച്ചേർത്തു.

‘ജാതീയത മാത്രമല്ല സ്ത്രീവിരുദ്ധമായ കാര്യം കൂടിയാണ് കലാമണ്ഡലം സത്യഭാമ പറയുന്നത്. കാല് വിടർത്തിവെച്ച് ചെയ്യേണ്ട കലയാണെന്നും അത് പുരുഷന്മാർ ചെയ്താൽ എങ്ങനെ ശരിയാകും എന്നും അവർ പറയുന്നു. എനിക്കത് മനസിലാകുന്നില്ല. വിവരക്കേടാണ് ആ സ്ത്രീ പറയുന്നത്. 

മതിലകം രേഖകളും തിരുവിതാംകൂർ രാജ ചരിത്രവുമെല്ലാം പരിശോധിച്ചാൽ മനസിലാകും ആരെയാണ് നൃത്ത അധ്യാപകരായി നിയമിച്ചിരുന്നതെന്ന്. അത് പുരുഷന്മാരെയാണ്. മോഹിനിയാട്ടമാണെങ്കിലും ഭരതനാട്യമാണെങ്കിലും അതൊന്നും പൂർണമായി ഒരു സവർണ കലാരൂപമല്ല. ഇസൈവേലാളർ എന്ന ഒരു കൂട്ടം കലാകാരുണ്ട്. അവരിൽ ചിലർ ദേവദാസി ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നു. അവരാണ് ശരിക്കും കലാരൂപങ്ങൾ വികസിപ്പിച്ചെടുത്തത്. പിന്നീട് രുഗ്മിണി അരുണ്ഡേലെ പോലുള്ളവർ വന്നിട്ട് അതിനെ സവർണവൽക്കരിക്കുകയാണ് ചെയ്യുന്നത്. ഇതിന് രൂപം കൊടുത്ത അവർണ മനുഷ്യരിൽ നിന്നും തട്ടിപ്പറിച്ച കലാരൂപങ്ങളാണ് ഇതെല്ലാം. ഈ ചരിത്രമൊന്നും അറിയാതെയാണ് ആ സ്ത്രീ സൗന്ദര്യത്തെക്കുറിച്ച് പറയുന്നത്. എനിക്ക് അവരുടെ വാക്കുകൾ വളരെ പൈശാചികമായിട്ടാണ് തോന്നിയത്. 

എൻ്റെ സുഹൃത്തും നർത്തകിയുമായ സഞ്ജന ചന്ദ്രനും സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ട്രാൻസ്ജെൻഡർ കലോത്സവത്തിൽ ഭരതനാട്യം അവതരിപ്പിച്ച സഞ്ജനക്ക് മൂന്നാം സ്ഥാനമായിരുന്നു ലഭിച്ചത്. ദേവിയുടെ സൗന്ദര്യമില്ലായെന്നാണ് കാരണമായി പറഞ്ഞത്. ഒരു കലാരൂപത്തിനെ വിലയിരുത്തുന്നതിൽ സൗന്ദര്യം ഒരു അളവുകോലാകാമോ? ഇത് പണ്ട് മുതലേയുള്ള ഒരു രീതിയാണ്. യുവജനോത്സവങ്ങളിൽ എപ്പോഴും മുന്നിൽ നിർത്തിയിരുന്നത് വെളുത്ത കുട്ടികളെയാണ്. മലയാളികൾക്ക് കറുപ്പ് നിറത്തിനോടുള്ള വെറുപ്പാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആ വെറുപ്പുണ്ടാകുന്നത് ജാതീയതയിൽ നിന്നുമാണ്. കറുപ്പിനോട് വിദ്വേഷം വെച്ച്പുലർത്തുന്ന ഇവർക്ക് കലാമണ്ഡലം എന്ന സ്ഥാനം യോഗ്യമാണോ എന്നനിക്കറിയില്ല. അതു പറയേണ്ടത് കലാമണ്ഡലമാണ്.’, മാളവിക ബിന്നി വോക്ക് മലയാളത്തോട് പറഞ്ഞു.

ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഢ്യമറിയിച്ചും കലാമണ്ഡലം സത്യഭാമയെ വിമർശിച്ചും നിരവധി പോസ്റ്റുകളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.  

‘കലാമണ്ഡലം സത്യഭാമയെക്കുറിച്ച് വ്യക്തിപരമായി എനിക്കൊന്നും അറിയില്ല. എങ്കിലും അവരുടെ അഭിമുഖത്തിലെ വംശവെറിയും അത് പറയുമ്പോഴുള്ള പ്രസരിപ്പും ഒരു കലാകാരിയെക്കാൾ അവരുടെ മേൽജാതി പ്രിവിലേജാണ് കാണിക്കുന്നതെന്ന്’ അധ്യാപകനായ സന്തോഷ് ഒ കെ ഫേസ്ബുക്കിൽ കുറിച്ചു.

‘എന്താണ് ഇവര് പറയുന്നത്??? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാവർക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ ഇരിക്കുന്നു വിവരമില്ലാത്ത സ്ത്രീ.. നിങ്ങൾ വെല്ലുവിളിക്കേണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്നിവാസം പറഞ്ഞു കൊണ്ടല്ല..നിങ്ങൾ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയിൽ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കിൽ ചെയ്തു കാണിക്കു.’ എന്നാണ് നടി സ്നേഹ ശ്രീകുമാർ പ്രതികരിച്ചത്.

‘ആർ എൽ വി രാമകൃഷ്ണൻ ആദരണീയനായ പ്രതിഭാശാലിയായ കലാകാരനാണ്. പക്ഷേ കേരളീയ പൊതുബോധം എപ്രകാരമാണ്  അദ്ദേഹത്തോട് പെരുമാറിയത്? അതിൻ്റെ ഏറ്റവും അവസാനത്തെ (അവസാനിക്കുമോ?) ദൃഷ്ടാന്തമാണ് അദ്ദേഹത്തെ വർണ ജാതി വെറിയോടെ അധിക്ഷേപിച്ച സംഭവം.മലയാളിയുടെ പൊതുബോധമനുസരിച്ച് നൃത്തം ചെയ്യേണ്ടത് ഒരു സവർണ ശരീരമായിരിക്കണം. അതിന് വിപരീതമായാൽ കടുത്തവർണവെറി വെച്ചുപുലർത്തുക എന്നത് സ്വാഭാവികമായി പുരോഗമന മലയാളി കൊണ്ടു നടക്കുന്നു’. എഴുത്തുകാരനും ദളിത് അവകാശ പ്രവർത്തകനുമായ ടി എസ് ശ്യാം കുമാർ കുറിച്ചു.

പ്രശസ്ത മോഹിനിയാട്ടം നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ അപമാനിച്ച വികൃതമനസിനെതിരെ കേസെടുക്കണമെന്നും ഇവരെയൊക്കെ ഇങ്ങിനെ വഷളാക്കുന്നതിൽ എല്ലാ  സർക്കാറിനും പങ്കുണ്ടെന്നും കലോൽസവങ്ങളിലെ വിധികർത്താക്കളായി ഇവർ വരുമ്പോൾ രാജകീയ സ്വീകരണമാണ് കൊടുക്കുന്നതെന്നുമാണ് നടൻ സന്തോഷ് കീഴാറ്റൂർ ഫേസ്ബുക്കിൽ കുറിച്ചത്. 

‘പ്രശസ്ത മോഹിനിയാട്ടം കലാകാരനും, എൻ്റെ അടുത്ത സുഹൃത്തുമായ ആർ എൽ വി രാമകൃഷ്ണനെ വളരെ മോശമായി ചിത്രീകരിക്കാൻ ചില കോണുകളിൽ നിന്നുമുള്ള സംഘടിത ശ്രമം അങ്ങേയറ്റം അപലപനീയമാണ്.

കലാകാരന്മാരെ നിറത്തിൻറെയും,ജാതിയുടെയും പേരിൽ നീക്കി നിറുത്തുവാൻ ഈ കാലഘട്ടത്തിലും നടത്തുന്ന ശ്രമങ്ങൾ നീചമാണ്. ഇത്തരം നിഷ്ഠൂര കൃത്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുവാൻ ആഭ്യന്തര വകുപ്പ് തയ്യാറാവണം’. രാഷ്ട്രീയ പ്രവർത്തകനും എം പിയുമായ ബെന്നി ബഹന്നാൻ കുറിച്ചതിങ്ങനെയായിരുന്നു.

ജാതി-വർണ വിവേചനം കേരളത്തിൽ കലാരംഗത്ത് പോലും എത്ര ശക്തവും ലജ്ജാഹീനവുമായി നിലനിൽക്കുന്നു എന്ന് കാണിക്കുന്നുവെന്നാണ് സംഭവത്തിൽ കവിയായ കെ സച്ചിദാന്ദൻ പ്രതികരിച്ചത്. 

‘ഒരു കലാകാരൻ്റെ കഴിവാണ് പ്രധാനം. അയാളുടെ നിറമോ രൂപമോ അല്ല. ആർ എൽ വി രാമകൃഷ്നോടൊപ്പം’ എന്നാണ് നർത്തകി നീന പ്രസാദ് കുറിച്ചത്. 

പുഴു സിനിമയിലെ ഒരു രംഗം പങ്കുവെച്ചായിരുന്നു സംവിധായകൻ ഹർഷദ് പ്രതികരിച്ചത്. ‘അതിങ്ങിനെ ഫാൻസി ഡ്രസ്സ് കളിച്ചോണ്ടിരിക്കും’ എന്നാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചത്. 

സർഗ്ഗധനനായ കലാപ്രതിഭ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയവിവേചനത്തിന്റെയും വംശ/ വർണ്ണവെറിയുടെയും ജീർണ്ണാവശിഷ്ടങ്ങൾ ഉള്ളിൽ പേറുന്ന ഒരു വനിത ഉയർത്തിയിട്ടുള്ള നിന്ദാവചനങ്ങൾ അത്യന്തം പ്രതിഷേധാർഹം.രാമകൃഷ്ണൻ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാശാലിയാണ്. ഫ്യൂഡൽ കാലഘത്തിൽ രൂപം കൊണ്ട ആ കലാരൂപത്തെ കാലഹരണപ്പെട്ട മൂല്യബോധത്തിന്റെ മാറാല കെട്ടിയ പഴങ്കോട്ടകളിൽ നിന്ന് വിമോചിപ്പിക്കുകയാണ് അയാൾ ചെയ്തത്’.  ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.