Sun. Dec 22nd, 2024

പാലക്കാട്‌:

സ്വന്തമായി കെട്ടിടമുള്ള സംസ്ഥാനത്തെ ആദ്യ ജില്ലാ പിഎസ്‌സി ഓഫീസ് പാലക്കാട്ട്‌ പ്രവർത്തനം ആരംഭിക്കുന്നു. 31ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. ജില്ലാ ഓഫീസ് പ്രവർത്തനം സ്പീക്കർ എം ബി രാജേഷും ഓൺലൈൻ പരീക്ഷാകേന്ദ്രം മന്ത്രി കെ കൃഷ്ണൻകുട്ടിയും ഉദ്‌ഘാടനം ചെയ്യും.

നാലു നിലയിലായി 17,860 ചതുരശ്ര അടിയിൽ സർക്കാർ അഗതി മന്ദിരത്തിന് എതിർവശത്തായി 25 സെന്റിലാണ്‌ പുതിയ കെട്ടിടം. ഒറ്റത്തവണ 345 ഉദ്യോഗാർഥികൾ വീതം മൂന്നു സെഷനുകളിലായി ആയിരത്തിലധികം പേർക്ക് ഒരു ദിവസം പരീക്ഷ എഴുതാവുന്ന രണ്ട് ഓൺലൈൻ കേന്ദ്രമുണ്ട്‌. കേരള പിഎസ്‌സിയുടെ ഏറ്റവും വലിയ പരീക്ഷാ കേന്ദ്രമാണിത്.

2018ൽ മുൻമന്ത്രി എ കെ ബാലൻ തറക്കല്ലിട്ട കെട്ടിടം എട്ടരക്കോടി രൂപയോളം ചെലവിലാണ് പൂർത്തിയാക്കിയത്. താഴത്തെ നിലയിൽ അന്വേഷണം, തപാൽ വിഭാഗങ്ങൾ, പരിശോധനാ ഹാൾ, പാർക്കിങ് ഏരിയ എന്നിവയും ഒന്നാം നിലയിൽ ഓഫീസ്, ഇന്റർവ്യൂ ഹാൾ എന്നിവയുമുണ്ട്‌.
രണ്ടും മൂന്നും നിലകളിലായാണ് രണ്ട് ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് റാമ്പ്, ലിഫ്റ്റ് സൗകര്യങ്ങളുമുണ്ട്‌.
ജില്ലയിലെയും മലപ്പുറം, തൃശൂർ ജില്ലകളിലെയും ഉദ്യോഗാർഥികൾക്ക് ഓൺലൈൻ പരീക്ഷകൾക്കും സർക്കാർ ഉദ്യോഗസ്ഥർക്ക് വകുപ്പുതല പരീക്ഷകൾക്ക്‌ എറണാകുളത്തെയോ കോഴിക്കോടിനെയോ ആശ്രയിക്കാതെ പാലക്കാട് നഗരത്തിൽത്തന്നെ സൗകര്യം ഒരുക്കാനാവും.

സേവനം വേഗത്തിലാക്കുകകൂടിയാണ് പുതിയ കെട്ടിടത്തിലൂടെ സാധ്യമാകുന്നത്. കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ വിവിധ തിരഞ്ഞെടുപ്പുകൾക്ക്‌ റാങ്ക് പട്ടിക പ്രസിദ്ധീകരണവും നിയമന ശുപാർശയും വേഗത്തിലാക്കാൻ കഴിയും.