Wed. May 8th, 2024

കായംകുളം:

അടഞ്ഞ് കിടക്കുന്ന വീടുകളിൽ ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടംഗ സംഘം ഇരുനൂറിലേറെ വീടുകളിൽ മോഷണം നടത്തിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കണ്ണമ്പള്ളിഭാഗം വരിക്കപ്പള്ളിത്തറയിൽ വാറുണ്ണി എന്ന  സമീർ(36), ഐക്യജംക്‌ഷൻ പടീറ്റേടത്ത് പടീറ്റതിൽ വടക്കൻ എന്ന ഷമീർ(35) എന്നിവരെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വൻമോഷണത്തിന്റെ തെളിവുകൾ പുറത്തുവന്നത്.

ആലപ്പുഴ ജില്ലയിൽ കായംകുളം, കരീലക്കുളങ്ങര, കനകക്കുന്ന്, വളളികുന്നം, വീയപുരം, തൃക്കുന്നപ്പുഴ സ്റ്റേഷൻ പരിധിയിൽ ഈ സംഘം മോഷണം നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഈ സ്റ്റേഷൻ പരിധികളിലായി ഇവർ മോഷണം നടത്തിയ ഇരുപതോളം കേസുകളുടെ തുമ്പായി. എന്നാൽ, പരാതി ലഭിക്കാത്തതും അടഞ്ഞ് കിടന്ന വീടുകളുടെ ഉടമസ്ഥർ അറിയാതെ പോയതുമായ 180 ൽ കൂടുതൽ  മോഷണങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.

ആക്രിസംഘം വലയിലായതോടെ പുതിയ പരാതികളും പൊലീസിന് ലഭിച്ചു തുടങ്ങി. കൊല്ലം ജില്ലയിൽ ഓച്ചിറ സ്റ്റേഷൻ പരിധിയിൽ ഇവർ മോഷണം നടത്തിയതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിൽ ഇവർ  ആറിടത്ത്  മോഷണം നടത്തി.

മാളിയേക്കൽ ജംക്‌ഷന് സമീപം ഐഎസ്ആർഒ ഉദ്യോഗസ്ഥയായ സുജാതയുടെ വീടും  കരീലക്കുളങ്ങര എൽമെക്സ് ആശുപത്രിക്ക് സമീപത്തെ അടഞ്ഞ കിടന്ന വീടും കുത്തിപ്പൊളിച്ച് സാധനങ്ങൾ കവർന്നതും പത്തിയൂർ ക്ഷേത്രത്തിന് വടക്കുവശം ദിനേശിന്റെ വീട്ടിലെ വലിയ വിളക്ക് മോഷ്ടിച്ചതും ഈ സംഘമാണ്.

ചില വീടുകളിൽ നിന്ന് സ്വർണവും മോഷ്ടിച്ചിട്ടുണ്ട്. കരീലക്കുളങ്ങര സിഐ എം.സുധിലാലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ നിരീക്ഷിച്ചത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രി ഇവരുടെ ഫോണുകൾ തുടർച്ചയായി പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചു.

ഇവർ  ഓട്ടോയിൽ  സഞ്ചരിക്കുന്നതായി പല സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലും  പതിഞ്ഞിട്ടുണ്ട്. പൊലീസിനെ കബളിപ്പിക്കുന്നതിനായി മീൻ പാത്രങ്ങളുമായാണ് ഓട്ടോയിൽ സഞ്ചരിക്കുന്നത്. പുളിമുക്കിലുള്ള ആക്രിക്കടയിൽ മോഷണ വസ്തുക്കളെല്ലാം കുറഞ്ഞ തുകയ്ക്കാണ് വിറ്റിരുന്നത്.

രണ്ടര വർഷമായി ഇത്തരത്തിൽ ആക്രി ശേഖരിച്ചതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ഇവർ അപഹരിച്ചതായി പൊലീസ് പറയുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ജില്ലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.