ചാവക്കാട് ∙
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച ലഹരി മരുന്നുകൾ തീരദേശത്ത് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂർ നാലാംകല്ല് കിഴക്കേത്തറ വീട്ടിൽ ഷറഫുദ്ദീനെയാണ് (32) ഗുരുവായൂർ എസിപി കെജിസുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രണ്ടു കോടി രൂപയോളം വിലവരുന്ന ഹഷീഷ് ഓയിലുമായി ഇയാളുടെ കൂട്ടുപ്രതിയായ അകലാട് മൂന്നയിനി കൊട്ടിലിൽ അഷറഫിനെ (42) നേരത്തെ പിടികൂടിയിരുന്നു. തമിഴ്നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ, ഹഷീഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകൾ എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്. ഒട്ടേറെ കേസുകൾ പ്രതിയാണ് ഷറഫുദ്ദീനെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ കെ ഉമേഷ്, രാഗേഷ്, സീനിയർ സിപിഒ ഷമീർ, സിപിഒമാരായ കെകെ ആഷിഷ്, ജയകൃഷ്ണൻ എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.