Mon. Dec 23rd, 2024

തൃശൂർ ∙

കുറഞ്ഞ പലിശയ്ക്കു വായ്പ വാഗ്ദാനം ചെയ്ത് ഡൽഹി കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തിയ മലയാളി സംഘം അറസ്റ്റിൽ. വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ താമസിക്കുന്ന വിനയപ്രസാദ് (23), സഹോദരൻ വിവേക് പ്രസാദ് (23), ചേർത്തല പട്ടണക്കാട് വെട്ടക്കൽ പുറത്താംകുഴി വീട്ടിൽ ഗോകുൽ (25), വെസ്റ്റ് ഡൽഹി രജ്ദീർ നഗറിൽ താമസിക്കുന്ന ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എഎ അഷ്റഫും സംഘവും അറസ്റ്റ് ചെയ്തത്.

കുറഞ്ഞ പലിശയും ആകർഷകമായ വാഗ്ദാനങ്ങളും നൽകി എസ്എംഎസുകൾ അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ബന്ധപ്പെടാൻ ഒരു ഫോൺ നമ്പറും നൽകും. ലോൺ പ്രോസസിങ് ഫീസ്, നികുതി, ഡിമാൻഡ് ഡ്രാഫ്റ്റ് ഫീസ് തുടങ്ങി വിവിധ ആവശ്യങ്ങൾ പറഞ്ഞ് ചെറിയ തുകകളായി അക്കൗണ്ടുകളിലേക്കു പണം വാങ്ങിക്കും. വിശ്വാസ്യതയ്ക്കായി വ്യാജ രസീതുകൾ വാട്സാപ് വഴി നൽകും.

ലോക്ഡൗൺ സമയത്ത് വരുമാനം നിലച്ചവരാണ് വലയിൽ വീണതിലേറെയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ പേരും വിലാസവും ഉപയോഗിച്ചാണ് പ്രതികൾ സിം കാർഡുകൾ സംഘടിപ്പിച്ചിരുന്നത്. ഇടപാടുകാരോടു പണം നിക്ഷേപിക്കുന്നതിനായി ആവശ്യപ്പെട്ടിരുന്നതും ഇത്തരത്തിൽ വിവിധ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളാണ്.

നിക്ഷേപിക്കപ്പെട്ട പണം എടിഎം കാർഡ് ഉപയോഗിച്ച് ഉടൻ പിൻവലിക്കും. സിം കാർഡുകളും നശിപ്പിക്കും. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ഡൽഹിയിലെ ഒരു സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന തൃശൂർ സ്വദേശിനിയുടെ പരാതിയിലെ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.തൃശൂർ സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ അസി.കമ്മിഷണർ കെ.കെ.സജീവ്, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്ഐമാരായ സിഎ സുനിൽകുമാർ, എംഒ നൈറ്റ്, കെഎസ് സന്തോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.