Wed. May 1st, 2024

തൃശൂർ ∙

പഞ്ചവാദ്യത്തിൽ മുങ്ങിപ്പോയിരുന്ന മദ്ദളത്തെ രാജൻ ഉയർത്തി നിർത്തി. പിന്നീടു മദ്ദളത്തെ സംഗീതമയമാക്കി. എണ്ണിയെടുക്കാവുന്ന തരത്തിൽ ഇരു കൈകൾ കൊണ്ടും കൊട്ടുമ്പോഴുള്ള നാദ വിസ്മയം കേൾക്കാൻ വേണ്ടി മാത്രം കാണികൾ കാതു കൂർപ്പിച്ചു നിന്നു.

അതിമനോഹരമായ ആ നാദം ഏതു വാദ്യ പ്രപഞ്ചത്തിനിടയിലും ഉയർന്നു കേൾക്കാമായിരുന്നു.‌ മദ്ദളം കൊട്ടുന്നവർക്കു പലപ്പോഴും ശരീര അളവുണ്ട്. ഭാരമുള്ള ഈ ഉപകരണം അരയിൽ കെട്ടി നിൽക്കണമെങ്കിൽ നല്ല കരുത്തു വേണം.

രാജനെപ്പോലെ ചെറിയൊരു മനുഷ്യന് ഇതു കൈകാര്യം ചെയ്യാനാകില്ലെന്ന് ആരും ഒറ്റ നോട്ടത്തിൽ പറയും. എന്നാൽ ഈ ചെറിയ മനുഷ്യൻ മദ്ദളക്കാരനു പുതിയ ശരീരഭാഷ സമ്മാനിച്ചു. രണ്ടു കൈകളും ഒരേ സമയത്തു മദ്ദളത്തിൽ വീഴുന്നതിന്റ ശബ്ദ സൗകുമാര്യം കൊണ്ടു കാണികളെ വിസ്‌മയിപ്പിച്ചു.

അച്ഛൻ മദ്ദള വിദ്വാൻ തൃക്കൂർ കിഴിയേടത്ത് കൃഷ്ണൻകുട്ടി മാരാർക്കു മകനെ മദ്ദളം പഠിപ്പിക്കുന്നതിൽ സംശയമുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്ന രാജനു മദ്ദളം താങ്ങാനാകില്ലെന്നു അച്ഛൻ കരുതി. അച്ഛൻ പഠിപ്പിക്കുന്നതിനിടയിൽ കേട്ടും കണ്ടും പ്രയോഗിച്ചും പഠിച്ച രാജൻ സകലരേയും വിസ്മയിപ്പിച്ചു.

ചാലക്കുടി നാരായണൻ നമ്പീശൻ, കൊളമംഗലത്ത് നാരായണൻ നായർ തുടങ്ങിയ ഗുരുക്കന്മാർക്കും പല്ലാവൂർ ത്രിമൂർത്തികൾക്കും അന്നമനട ഗുരുക്കന്മാർക്കും ഒപ്പം അദ്ദേഹം മദ്ദളം വായിച്ചു. ഇവർക്കെല്ലാവർക്കുമൊപ്പം പ്രമാണിയായി. പതിനഞ്ചാം വയസ്സിലാണു രാജൻ ആദ്യമായി കൊട്ടുന്നത്.

10 വർഷം കഴിയുമ്പോഴേക്കും എല്ലാ പ്രമാണിമാർക്കുമൊപ്പം കൊട്ടിക്കയറുന്ന ചെറുപ്പക്കാരനെന്ന പേരെടുത്തു. തൃശൂർ പൂരത്തിനു തിരുവമ്പാടിക്ക് വേണ്ടിയാണു ആദ്യം കൊട്ടിയത്. തുടർന്നു പാറമേക്കാവിലേക്കു മാറി. തിമില ആചാര്യനായിരുന്ന ചോറ്റാനിക്കര നാരായണമാരാർക്കൊപ്പം പാറമേക്കാവു വിഭാഗം മദ്ദള പ്രമാണിയായി രാജന്റെ പതികാലം കൊട്ടൽ കേമമായിരുന്നു.

എണ്ണങ്ങൾ പതുക്കെ വിന്യസിപ്പിച്ചു കൃത്യമായി അദ്ദേഹം കൊട്ടി. ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഇതു ഏറെ ആനന്ദകരമായ നിമിഷങ്ങളായിരുന്നു. പഞ്ചവാദ്യത്തിലേക്കു കാണികളെ ചേർത്തു നിർത്തുന്നതായിരുന്നു രാജന്റെ പതികാലവും കൂട്ടിക്കൊട്ടലും.

തിമലക്കാരുമായി ഇത്രയേറെ ചേർന്നു പോകുന്ന മദ്ദളക്കാരും കുറവായിരുന്നു. തന്റെ പ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയാക്കുന്നതിനു പകരം പഞ്ചവാദ്യത്തിന്റെ ഭംഗി കൂട്ടാനാണു രാജൻ കൊട്ടിയത്. കൃത്യമായി മദ്ദളത്തിന്റെ ഓരോ ഇഞ്ചും മനസിലാക്കിയാണ് അദ്ദേഹം കൊട്ടിയിരുന്നത്. അതുകൊണ്ടുതന്നെ അടിച്ചു പൊളിക്കൽ ഇല്ലായിരുന്നു.

മദ്ദളത്തിന്റെ മർമം അറിഞ്ഞാണു തൃക്കൂർ രാജൻ കൊട്ടിപ്പെരുപ്പിച്ചതും കാലം കയറ്റിയതും. കയറിപ്പോകുന്ന ആ നാദം കാഴ്ചക്കാരുടെ മനസ്സിൽ ബാക്കിയാകുന്നു.