Mon. Dec 23rd, 2024
പാലാ:

കോവിഡ് അടച്ചുപൂട്ടലിൽ സ്വകാര്യ പാഴ്‌സൽ സർവീസുകളുടെ സേവനം പരിമിതമായതിന്റെ നേട്ടം സ്വന്തമാക്കി തപാൽ പാഴ്‌സൽ സർവീസ്‌. സ്പീഡ് പോസ്റ്റ് പാഴ്സൽ ബുക്കിങ്ങിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്‌ പാലാ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസാണ്‌.

ലോക്‌ഡൗൺ സമയത്ത് സ്വകാര്യ കൊറിയർ സ്ഥാപനങ്ങൾ ഉൾപ്പെടെ പാഴ്‌സൽ സർവീസുകളുടെ പ്രവർത്തനം തടസപ്പെട്ടതും പാഴ്‌സലുകൾ വീടുകളിൽ നേരിട്ടെത്തിക്കും എന്നതുമാണ്‌ തപാൽ പാഴ്സൽ സർവീസിന്‌ സ്വീകാര്യത വർധിക്കാനിടയാക്കിയത്‌. തപാൽമാർഗം പാഴ്സൽ അയയ്ക്കുന്നവരുടെ എണ്ണം വർധിച്ചതാണ്‌ നേട്ടമായത്‌.

വിദ്യായലങ്ങളും അടച്ചിട്ടതോടെ പഠനോപകരണങ്ങളും തപാൽ പാഴ്‌സൽ സർവീസ്‌ സേവനം പ്രയോജനപ്പെടുത്തി. ബ്രില്യന്റ് സ്റ്റഡി സെന്ററിൽ നിന്നുള്ള പഠനസാമഗ്രികൾ അയക്കുന്നതാണ്‌ പാലാ ഹെഡ് പോസ്റ്റ് ഓഫീസിന്‌ നേട്ടമായത്‌. സ്ഥാപനത്തിൽ ഓൺലൈനായി എൻട്രൻസ്‌ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്കുൾപ്പെടെ പഠനോപകരണങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്കടക്കം പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽനിന്ന്‌ ബുക്ക് ചെയ്താണ്‌ അയക്കുന്നത്‌.

കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടര ലക്ഷത്തോളം പാഴ്സലുകളാണ് പാലായിലെ തപാൽ സർവീസിനെ ആശ്രയിച്ച്‌ അയച്ചത്‌. വൻതോതിൽ പാഴ്സലുകൾ വന്നു തുടങ്ങിയതോടെ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിൽ അധിക ജീവനക്കാരെ നിയോഗിച്ച്‌ പ്രത്യേക വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്‌. 20 കിലോവരെയുള്ള പാഴ്സലുകളാണ് കൂടുതലായും അയയ്ക്കുന്നത്.

പ്രധാന വരുമാന മാർഗമായി സ്പീഡ് പാഴ്സലുകൾ മാറിയതോടെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ വിതരണം ചെയ്യാൻ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.