കാക്കനാട്∙
സ്ഥാപന ഉടമയെ കബളിപ്പിച്ചു ലക്ഷങ്ങളുമായി മുങ്ങിയ ജീവനക്കാരൻ പിടിയിൽ. ഉണിച്ചിറയിലെ ജെബി അസോഷ്യേറ്റ്സ്, ക്ലാസിക് ടെക്സ് സ്ഥാപനങ്ങളിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായിരുന്ന നെടുമ്പാശേരി മേക്കാട് പാണ്ടാവത്ത് അജിത് കുമാർ (45) ആണു പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ സാമഗ്രികൾ വിതരണം ചെയ്ത അജിത് ഇതിന്റെ കലക്‌ഷൻ ഉണിച്ചിറയിലെ സ്ഥാപനത്തിൽ ഏൽപ്പിക്കാതെയാണു വെട്ടിപ്പ് നടത്തിയത്.
4,81,888 രൂപയുടെ തട്ടിപ്പാണു കണ്ടെത്തിയത്. ഒളിവിൽ ആഡംബര ജീവിതം നയിക്കുകയായിരുന്ന അജിത് കഴിഞ്ഞ ദിവസം അയൽ വീട്ടിലെ വിവാഹ ചടങ്ങിനെത്തിയപ്പോഴാണു പൊലീസിന്റെ പിടിയിലായത്. ഇൻസ്പെക്ടർ ആർ ഷാബു, എസ്ഐ എൻഐ റഫീഖ്, എഎസ്ഐ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.