Thu. Apr 18th, 2024

കൊച്ചി:

പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്‌ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വമുതൽ സെപ്തംബർ മൂന്നുവരെ നേരിട്ടോ പഠിച്ച സ്കൂളിലെത്തിയോ ഓൺലൈനായി അപേക്ഷ നൽകാം. സ്കൂളിലെ കംപ്യൂട്ടർ ലാബുകൾ ഇതിനായി പ്രയോജനപ്പെടുത്തും.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലയിലെ 209 സ്കൂളുകളിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ്‌ കൗൺസിൽ സെല്ലിന്റെ നേതൃത്വത്തിലുള്ള ഫോക്കസ് പോയിന്റ്‌ വാട്‌സാപ്‌ ​ഗ്രൂപ്പിലൂടെയും സംശയം തീർക്കാം.

പ്രത്യേക പരി​ഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഹെൽപ്‌ ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. കെഎസ്ടിഎയുടെ നേതൃത്വത്തിൽ എല്ലാ ഉപജില്ലകളിലും ഹെൽപ്‌ ഡെസ്ക് പ്രവർത്തിക്കും.

ആർഡിഡി കെ ശകുന്തളയുടെയും ഡിഡിഇ ഹണി ജി അലക്സാണ്ടറിന്റെയും നേതൃത്വത്തിൽ തിങ്കളാഴ്ച പ്ലസ് വൺ ഏകജാലക പ്രവേശന‌ത്തെക്കുറിച്ച് പ്രധാനാധ്യാപകർക്കും  ഐടി കോ-ഓർഡിനേറ്റർമാർക്കും ഓൺലൈനായി ‌അവബോധം നൽകി.

അപേക്ഷ നൽകാനുപയോ​ഗിക്കുന്ന  യൂസർ നെയിം, പാസ് വേർഡ്, മൊബൈൽ നമ്പർ എന്നിവയും അപേക്ഷാനമ്പറും കുട്ടികളും രക്ഷിതാക്കളും എഴുതി സൂക്ഷി‌ക്കാൻ ശ്രദ്ധിക്കണമെന്ന് ഹയർസെക്കൻഡറി വിഭാ​ഗം ജില്ലാ കോ-ഓർഡിനേറ്റർ വി നളിനകുമാരി പറഞ്ഞു.

ഹയർസെക്കൻഡറി (37,889), വൊക്കേഷണൽ ഹയർസെക്കൻഡറി (1965), ഐടിഐ, പോളിടെക്‌നിക് (2600), ടെക്‌നിക്കൽ ഹയർസെക്കൻഡറി (500) എന്നീ വിഭാഗങ്ങളായി 42,954 സീറ്റുകൾ ജില്ലയിലുണ്ട്. എസ്എസ്എൽസി പരീക്ഷ വിജയിച്ച 31,491 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

ഉപരിപഠനത്തിന് യോ​ഗ്യത നേടിയ കുട്ടികളുടെ എണ്ണത്തേക്കാൾ 11,463 സീറ്റാണ്‌ കൂടുതലുള്ളത്‌. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ച കുട്ടികളിൽ വലിയൊരു വിഭാഗം ഹയർസെക്കൻഡറി പഠനത്തിനായി പൊതുവിദ്യാഭ്യാസമേഖലയിയിലേക്ക്‌ എത്തുന്നതോടെ ഈ സീറ്റുകളും നിറയും.

ഗവൺമെന്റ്‌ സ്കൂൾ (67), എയ്ഡഡ് സ്കൂൾ (92), അൺ എയ്ഡഡ് സ്കൂൾ (45), ടെക്നിക്കൽ സ്കൂൾ (മൂന്ന്), സ്പെഷ്യൽ സ്കൂൾ (ഒന്ന്), റസിഡൻഷ്യൽ സ്കൂൾ (ഒന്ന്) എന്നിവയുൾപ്പെടെ ജില്ലയിലെ 209 സ്കൂളുകളിൽ ഉപരിപഠനത്തിന് അവസരമുണ്ട്‌. സയൻസ് കോഴ്‌സിന് 21,289 സീറ്റും ഹ്യുമാനിറ്റീസിന് 4940 സീറ്റും കൊമേഴ്‌സിന് 11,660 സീറ്റും ഉണ്ട്.

32 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 1965 സീറ്റുണ്ട്. ടെക്നിക്കൽ ഹയർസെക്കൻഡറിയിൽ ഫിസിക്കൽ സയൻസിൽ 350 സീറ്റും ഇന്റഗ്രേറ്റഡ് സയൻസിൽ 150 സീറ്റും ഉൾപ്പെടെ 500 സീറ്റുണ്ട്. നിലവിൽ ഒരു പ്ലസ് വൺ ക്ലാസിൽ 50 സീറ്റുകളാണുള്ളത്.