Sat. Jan 18th, 2025

കാലിഫോര്‍ണിയ:

അഫ്ഗാനിസ്ഥാൻറെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ താലിബാൻ അനുകൂല ഉള്ളടക്കമുള്ള അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്ട്സ്ആപ്പും. താലിബാനെ ഭീകരവാദ സംഘടനയായാണ് ഫേസ്ബുക്ക് കാണുന്നതെന്നും അതിനാൽ തന്നെ ഇവരെ അനുകൂലിച്ചുള്ള പോസ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ നിരീക്ഷിക്കാനും ഒഴിവാക്കാനും പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചതായും ഫേസ്ബുക്ക് അറിയിച്ചു.

താലിബാനെ പ്രകീർത്തിച്ചോ അനുകൂലിച്ചോ അവരെ പ്രതിനിധീകരിച്ചോ പ്രവർത്തിക്കുന്നവർക്കും വിലക്ക് ബാധകമാകുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

ദാരി പാഷ്ടോ ഭാഷകൾ കൈകാര്യം ചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സാഹചര്യങ്ങളറിയാവുന്ന വിദഗ്ധരുടെ സഹായത്തോടെ, സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ഇവരുടെ അഭിപ്രായം നിരീക്ഷണത്തിനും നടപടികൾക്കും തങ്ങൾ ഉപയോഗിക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കി.ദേശീയ സർക്കാരുകളെ അംഗീകരിക്കുകയെന്നതല്ല അന്താരാഷ്ട്ര സമൂഹത്തിൻറെ താൽപര്യമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും ഫേസ്ബുക്ക് കൂട്ടിച്ചേർത്തു.

ആശയവിനിമയത്തിനായി വാട്ട്സ്ആപ്പ് താലിബാൻ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ അത്തരത്തിലുള്ള വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കുമെന്നും നടപടിയെടുക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു. .

 

By Binsha Das

Digital Journalist at Woke Malayalam