Thu. Dec 26th, 2024
അച്ചൻകോവിൽ:

മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാക്കാൻ ബിഎസ്എൻഎൽ ബൂസ്റ്റർ ടവറുകൾ സ്ഥാപിച്ചെങ്കിലും അവ പ്രവർത്തിപ്പിക്കാൻ വൈദ്യുതി എത്താത്തതിനാൽ അച്ചൻകോവിലിലെ വിദ്യാർത്ഥികളുടെ പഠനം ഇപ്പോഴും പ്രതിസന്ധിയിൽ. ‘റേഞ്ച് പിടിക്കാൻ’ ഗ്രാമത്തിലെ വിദ്യാർത്ഥികൾ ഇപ്പോഴും പാറപ്പുറത്തു കയറേണ്ട സ്ഥിതിയാണ്. അച്ചൻകോവിൽ ഗിരിജൻ കോളനി, മൂന്നുമുക്ക് എന്നിവിടങ്ങളിലാണ് ഓരോ ബൂസ്റ്റർ ടവർ സ്ഥാപിച്ചത്.

കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ്റെ ശ്രമഫലമായിട്ടാണ് ഇവ അച്ചൻകോവിലിൽ എത്തിയത്. ഒരു മാസം മുൻപ് നാട്ടുകാർ സ്വന്തം ചെലവിൽ ടവർ സ്ഥാപിച്ചു. ടവറിലേക്കുള്ള കേബിളുകളുകൾ സ്ഥാപിക്കലും ബിഎസ്എൻഎൽ പൂർത്തീകരിച്ചു. ഇത്രയുമായിട്ടും വൈദ്യുതി എത്തിക്കാൻ ബന്ധപ്പെട്ടവർ മുൻകയ്യെടുക്കാത്തതാണ് പ്രതിസന്ധി തുടരാൻ കാരണം.

ഓൺലൈൻ പഠനത്തിനായി മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ വിദ്യാർഥികൾ പാറപ്പുറത്തിരുന്നാണ് പഠനം നടത്തുന്നത്. വാർത്ത പ്രസിദ്ധീകരിച്ചതോടെ എംപി ഇടപെടുകയായിരുന്നു. കവറേജ് കുറവുള്ള ഭാഗങ്ങളിൽ ബൂസ്റ്റർ ടവറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

വേഗത്തിൽ ടവറുകളും എത്തിച്ചു. ഇനി വൈദ്യുതി എത്തിയാൽ ബൂസ്റ്റർ ടവർ പ്രവർത്തിച്ചു തുടങ്ങും. ആദിവാസി പിന്നോക്ക വിഭാഗങ്ങൾ അധിവസിക്കുന്ന അച്ചൻകോവിലിൽ കവറേജ് ഇല്ലാത്തത് നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്

By Divya