Fri. Nov 8th, 2024
മറയൂർ:

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പേർ പച്ചക്കറി കൃഷിയിലേക്ക്‌ തിരിഞ്ഞത്‌ നേട്ടമായി. വിനോദസഞ്ചാരം, ജീപ്പ് സഫാരി, ട്രക്കിങ്, ഹോംസ്റ്റേകൾ തുടങ്ങിയ മേഖലകളിൽ തൊഴിൽചെയ്ത് ജീവിച്ചിരുന്നവർ കാർഷികരംഗത്തേക്ക് വന്നതോടെ നിലവിൽ ഉണ്ടായിരുന്ന ഹെക്ടർ കണക്കിന് തരിശ് നിലങ്ങളാണ് കൃഷിഭൂമിയായി മാറിയത്.

സ്ട്രോബറി, ബ്ലാക്ക്ബെറി, പാഷൻഫ്രൂട്ട് പോലുള്ള പഴവർഗങ്ങളിൽനിന്ന്‌ കർഷകർ നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞൾ, കൂവ പോലുള്ള വിളകളിലേക്ക്‌ തിരിഞ്ഞു. ആദിവാസി മേഖലകളിലും റാഗി, തിന, ചാമ പോലുള്ള ചെറുധാന്യങ്ങളുടെ കൃഷിയും ആരംഭിച്ചിട്ടുണ്ട്. ആദിവാസി മേഖലയിൽ ഉൾപ്പെടെ പുതുതായി 2000 ഏക്കറോളം കൃഷി ഇറക്കിയിട്ടുണ്ട്‌.

സിപിഐ എം, കാർഷിക സംഘടനകൾ, ഊരുകൂട്ടങ്ങൾ എന്നിവ നടത്തുന്ന സംഘകൃഷിയും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. ആദ്യം വരൾച്ചയിലേക്ക് എന്ന് തോന്നിച്ചെങ്കിലും നൂൽമഴ ഉൾപ്പെടെ അനുയോജ്യ കാലാവസ്ഥയാണ് ഇപ്പോൾ മറയൂർ, കാന്തല്ലൂർ മേഖലയിൽ അനുഭവപ്പെടുന്നത്.
ഹോർട്ടികോർപ്‌ കൃത്യമായ സംഭരണവും വിതരണവും നടത്തിയാൽ സംസ്ഥാനത്ത്‌ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാൻ അഞ്ചുനാട്ടിലെ കർഷകർക്ക്‌ വലിയൊരളവിൽ സഹായകരമാകുമെന്ന് കർഷകർ പറയുന്നു.

പ്രളയങ്ങളും മഹാമാരിയും കാരണം കഴിഞ്ഞ നാലുവർഷത്തെ ഓണക്കാലം കർഷകർക്ക് പ്രതിസന്ധികൾ മാത്രമാണ് സൃഷ്ടിച്ചത്‌. ഇത്തവണ പ്രതീക്ഷയുടെ ഓണക്കാലമാണ് അഞ്ചുനാട്ടിലെ കർഷകർക്കുള്ളത്‌. സർക്കാർ തറവില നിശ്ചയിച്ചിട്ടുണ്ട്‌. ഓണക്കാലത്ത് വിളകൾക്ക് അധികവില പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കർഷകർ പറയുന്നു.

By Divya