Sun. Dec 22nd, 2024
തിരുവനന്തപുരം:

രാജ്യത്തെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നൽകുന്ന, പരിവര്‍ത്തന്‍ സംരംഭത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടക്കം. ബാഡ്മിൻറണ്‍, വോളിബാള്‍, ചെസ്, ടെന്നീസ്, കാരംസ് ഇനങ്ങളിലാണ് പരിശീലനം നല്‍കുക. നാലാഴ്ച നീളുന്ന പരിശീലനത്തിന് 129 തടവുകാരെയാണ് തെരഞ്ഞെടുത്തത്.

ബാഡ്മിൻറണ്‍ താരങ്ങളായ അഭിന്‍ ശ്യാം, തൃപ്തി മുരുഗുന്ദേ, എസ്. അരുണ്‍ വിഷ്ണു, വനിത ഗ്രാന്‍ഡ്മാസ്​റ്റര്‍ പത്മിനി റൗട്ട് (ചെസ്), ടെന്നീസ് താരം രുഷ്മി ചക്രവര്‍ത്തി, രമേഷ് ബാബു, എസ്. പരിമള ദേവി, ശ്രീനിവാസ് എന്നിവര്‍ പരിശീലകരില്‍ ഉള്‍പ്പെടുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പരിവര്‍ത്തന്‍ പരിപാടി ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു.

കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 30 ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ 30 വിമോചിത തടവുകാര്‍ ജോലി ചെയ്യുന്നുണ്ട്. ജയില്‍ ഡി ജി പി ഡോ ദര്‍വേഷ് സാഹേബ്, ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാന തലവനുമായ വി സി അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.

By Divya