Wed. Apr 24th, 2024
റാന്നി:

ലോക്ഡൗണിനു ശേഷം വിദ്യാലയങ്ങൾ തുറന്നാൽ വൈക്കം ഗവ യുപി സ്കൂളിലെ കുട്ടികൾക്ക് ചെളിക്കുഴി താണ്ടി ക്ലാസ് മുറികളിൽ എത്തേണ്ട സ്ഥിതിയാണ്. സ്കൂളിനു മുന്നിൽ നിർമിച്ച കലുങ്ക് ഇപ്പോൾ കുട്ടികൾക്കും അധ്യാപകർക്കും പൊല്ലാപ്പായിരിക്കുന്നു. കോന്നി–പ്ലാച്ചേരി റോഡ് വീതി കൂട്ടി വികസിപ്പിച്ചപ്പോൾ സ്കൂൾ മുറ്റത്തിന്റെ പാതിയോളം നഷ്ടപ്പെട്ടിരുന്നു. 2 കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ള സ്ഥലവും ചെറിയ മുറ്റവും മാത്രമാണ് ശേഷിച്ചിട്ടുള്ളത്.

സ്കൂളിനു മുന്നിൽ വീതി കൂട്ടി സംരക്ഷണഭിത്തിയും ഓടയും പണിതപ്പോൾ വെള്ളം ഒഴുകിപ്പോകാൻ കലുങ്കും പണിതിരുന്നു. 2 സ്കൂൾ കെട്ടിടങ്ങളുടെ മധ്യത്തിലാണ് കലുങ്കിന്റെ സ്ഥാനം. കലുങ്ക് നിർമിച്ച സ്ഥലത്ത് മുൻപ് ചെറിയ നീർച്ചാൽ ഉണ്ടായിരുന്നു.

ഇതുവഴി ഒഴുകിയെത്തുന്ന വെള്ളം 2 കെട്ടിടങ്ങൾക്കു മധ്യത്തിലൂടെയാണ് തിരുവാഭരണ പാത വഴി വയലിൽ എത്തിയിരുന്നത്. നീർച്ചാലിലെ വെള്ളം ഒഴുകിപ്പോകുന്നതിന് കോൺക്രീറ്റ് മേൽമൂടി സ്ഥാപിച്ച ഓടയും സ്കൂൾ മുറ്റത്തു പണിതിരുന്നു. വലിയ കലുങ്ക് പണിതതോടെ ഈ ഓട മതിയാകുന്നില്ല.

ബ്ലോക്കുപടി മുതലുള്ള വെള്ളം കലുങ്കിലെത്തുന്നുണ്ട്. ഇത് സ്കൂൾ മുറ്റത്ത് നിറയുകയാണ്. ഇതാണ് ചെളിക്കുഴി രൂപപ്പെടാൻ കാരണം. റോഡ് നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ഇടപെട്ട് മേൽമൂടിയോടെ വലിയ ഓട പണിതാൽ മാത്രമേ കുട്ടികളുടെയും അധ്യാപകരുടെയും ദുരിതം മാറൂ.

By Divya