Mon. Dec 23rd, 2024

മുതലമട ∙

കൈവശഭൂമിയിൽ വനം വകുപ്പ് ജണ്ട കെട്ടുന്നതിനെതിരെ കർഷക പ്രതിഷേധം. മൂച്ചംകുണ്ട് മൊണ്ടിപതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിൽ ജണ്ട നിർമാണം കർഷക പ്രതിഷേധത്തെ തുടർന്നു വനം വകുപ്പിന് ഉപേക്ഷിക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം ചെമ്മണാംപതി മുതൽ ജണ്ട നിർമിച്ചു തുടങ്ങിയിരുന്നു.

2001ൽ സർക്കാർ വനഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളാണു വനം വകുപ്പ് ജണ്ട കെട്ടി ഏറ്റെടുക്കുന്നത് എന്നാണ് അധികൃതരുടെ നിലപാട്. ചെമ്മണാംപതി, മൊണ്ടിപതി, അരശുമരക്കാട് എന്നിവിടങ്ങളിലെ നൂറോളം കർഷകരുടെ മാന്തോപ്പുകളുടെയും കൃഷിയിടങ്ങളുടെയും ഭാഗങ്ങൾ വനഭൂമിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അതിരുകൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കൊല്ലങ്കോട് വനം റേഞ്ചിന്റെ നേതൃത്വത്തിൽ ജണ്ട നിർമിക്കുകയായിരുന്നു.

എന്നാൽ ഇതു വർഷങ്ങളായി സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഉടമസ്ഥാവകാശം ഉണ്ടെന്നും കരം അടയ്ക്കുന്നുണ്ടെന്നും കർഷകർ അവകാശപ്പെടുന്നു. 4 പതിറ്റാണ്ട് പഴക്കമുള്ള മാവുകൾ വനം വകുപ്പ് ജണ്ട കെട്ടിയ തോട്ടത്തിനകത്തുണ്ട്.

ഇവിടത്തെ കൃഷിഭൂമിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന കുടുംബങ്ങളെ വെട്ടിലാക്കുന്നതാണു വനം വകുപ്പിന്റെ നടപടികളെന്നും പ്രതിഷേധക്കാർ വനം വകുപ്പ് അധികൃതരെ അറിയിച്ചു. മുൻ പഞ്ചായത്ത് അധ്യക്ഷൻ എസ് വി ശെൽവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കൽപനാദേവി, മുൻ പഞ്ചായത്ത് അംഗം എസ് കൃഷ്ണകുമാർ, എംകെ തങ്കവേലു, ടി.നാഗരാജ്, എ ശെന്തിൽകുമാർ, ആർ മയിൽസ്വാമി എന്നിവരുടെ നേതൃത്വത്തിലാണു പ്രതിഷേധിച്ചത്.

കൊല്ലങ്കോട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.ഷെറീഫ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി. എസ്. മണിയൻ എന്നിവർ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നു ജണ്ട നിർമാണം താൽക്കാലികമായി നിർത്തി വച്ചു. എന്നാൽ ജണ്ട നിർമാണ പ്രശ്നം നിയമപരമായി നേരിടാനാണു കർഷകരുടെ നീക്കം.

By Rathi N