Fri. Nov 22nd, 2024
കൊട്ടാരക്കര:

സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ കീടനാശിനിയുടെയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെടുത്ത 4 സാംപിളുകളിൽ ഒരെണ്ണത്തിൽ അലൂമിനിയം ഫോസ്ഫൈഡിൻ്റെ സാന്നിധ്യം കണ്ടത്തിയതായാണ് സൂചന.

മറ്റ് മൂന്ന് സാംപിളുകളിൽ കീടങ്ങളും കണ്ടെത്തി. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ ലാബിലാണ് പരിശോധന നടന്നത്. സപ്ലൈകോ ഗോ‍‍‍ഡൗണിലെ രണ്ടായിരം ചാക്ക് റേഷനരി കീടനാശിനി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നാട്ടുകാരും ബിജെപി പ്രവർത്തകരും കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

കൊട്ടാരക്കര എഫ്സിഐ ഗോഡൗണിൽ പുഴുവരിച്ച അരി വൃത്തിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് സപ്ലൈകോ റീജനൽ മാനേജർക്ക് നോട്ടിസയച്ചു. റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി കെ ബീനാ കുമാരി, തിരുവനന്തപുരം സപ്ലൈകോ റീജനൽ മാനേജർക്ക് നിർദേശം നൽകി.

ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് ഭക്ഷ്യസാധനങ്ങൾ ഗോഡൗണിൽ സൂക്ഷിക്കാനിടയാക്കിയതെന്ന് പൊതുപ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിൽ പറയുന്നു. പുഴുവരിച്ച അരി കെമിക്കൽ ഉപയോഗിച്ച് വൃത്തിയാക്കി റേഷൻ കടകൾക്ക് നൽകുന്നുവെന്നാണ് പരാതി.

By Divya