Sun. Apr 28th, 2024

പെരുമ്പിലാവ്

കൊവിഡ് കളി മുടക്കിയതോടെ കളി സ്ഥലങ്ങൾ കാടു പിടിക്കാൻ തുടങ്ങി. കഴിഞ്ഞ ഫെബ്രുവരിയിൽ തുറന്നു കൊടുത്ത കടവല്ലൂർ പഞ്ചായത്ത് തിപ്പലിശ്ശേരി കസ്തൂർബാ കോളനിയിലെ കുട്ടികളുടെ പാർക്ക് കാട് കയറി നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ അവസരത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികൾ കളിക്കാനായി ഇവിടെ എത്തിയിരുന്നു.

ഉപയോഗിക്കാത്തതിനാൽ പാർക്കിലെ പല ഉപകരണങ്ങളും നാശത്തിന്റെ വക്കിലാണ്. ഊഞ്ഞാലുകളിൽ വള്ളിച്ചെടികൾ പടർന്ന നിലയിലാണ് കോളനിയിൽ നടത്തിയ ഒരു കോടി രൂപയുടെ നവീകരണങ്ങളുടെ ഭാഗമായാണു പാർക്കു നിർമിച്ചത്. വയോജന കേന്ദ്രം, യുവജന ക്ലബ്, തൊഴിൽ പരിശീലന കേന്ദ്രം എന്നിവയും പുതുതായി നിർമിച്ചിരുന്നു.

എന്നാൽ ഇവയിൽ മിക്കതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. വലിയ തുക മുടക്കി നിർമിച്ച പാർക്കും കേന്ദ്രങ്ങളും ശരിയായ വിധത്തിൽ ശുചീകരിക്കാനും സംരക്ഷിക്കാനും ആളില്ലാത്തതാണ് പ്രശ്നമെന്ന് നാട്ടുകാർ പറയുന്നു.

പുതുതായി നിർമിച്ച കമ്യൂണിറ്റി ഹാൾ അടക്കം കസ്തൂർബാ കോളനിയിലെ എല്ലാ സ്ഥാപനങ്ങളും പരിപാലിക്കാൻ  ഉടൻ നിയമനം നട്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ പറഞ്ഞു. കോളനിക്ക് ചുറ്റും മതിലിന്റെ നിർമാണം നടത്താനും പദ്ധതിയുണ്ട്.

By Rathi N