ചെല്ലാനം ∙
മിനി ഫിഷിങ് ഹാർബറിൽ നിന്നു കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തിയതു വള്ളം നിറയെ പൂവാലൻ ചെമ്മീനുമായി. ഹാർബറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പൂവാലൻ ചെമ്മീൻ ചാകര .
ഹാർബറിൽ ആദ്യം തിരികെയെത്തിയ വള്ളങ്ങൾക്ക് ഒരു കിലോഗ്രാം ചെമ്മീനു 150 രൂപ ലഭിച്ചു. പിന്നീടതു 100 രൂപയിലെത്തി. ഇതു ന്യായവിലയല്ലെന്നും ചെമ്മീന് ഇതിലും ഉയർന്ന വില ലഭിക്കുമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
കുറെ നാളുകളായി ഹാർബറിൽ നിന്നു കടലിൽ പോകുന്ന വള്ളങ്ങൾക്കു വേണ്ടത്ര മത്സ്യം ലഭിച്ചിരുന്നില്ല. ഓർക്കാപ്പുറത്ത് എത്തിയ ചെമ്മീൻ ചാകര തൊഴിലാളികൾക്ക് ആശ്വാസമായി.
ഹാർബറിൽ നിന്ന് ഇന്നലെ കടലിൽ പോയ ആലപ്പുഴ മുതൽ കൊച്ചി വരെയുള്ള ഓരോ വള്ളങ്ങൾക്കും 15 ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെ ലഭിച്ചു. ചാകര എത്തിയ വിവരമറിഞ്ഞു മത്സ്യസംസ്കരണ ശാലയിലെ വലിയ വാഹനങ്ങൾ ഉൾപ്പെടെ ചെറുകിട കച്ചവടക്കാർ വരെ എത്തിയിരുന്നു. ചെമ്മീൻ എടുക്കാൻ ആളില്ലാതായതോടെയാണു വില 100 രൂപയായി കുറഞ്ഞത്.
ചാകരയെത്തിയ വിവരമറിഞ്ഞു ഹർബാറിലെത്തിയവർക്കെല്ലാം കിറ്റ് നിറയെ സൗജന്യമായി ചെമ്മീൻ നൽകി തൊഴിലാളികൾ സന്തോഷം പങ്കിട്ടു. 7000 രൂപ വരെ ഓരോ തൊഴിലാളിക്കും ഷെയർ ലഭിച്ചു. കുറെ വർഷങ്ങൾക്കു ശേഷമാണു ഇത്രയും ഉയർന്ന തുക ഒരു ദിവസത്തെ ഷെയറായി തൊഴിലാളികൾക്കു ലഭിക്കുന്നത്.