Mon. Dec 23rd, 2024

ഹരിപ്പാട്:

ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം നിർമാണം പൂർത്തിയാകുന്നു. സെപ്തംബറില്‍ തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികള്‍. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്.

കാലാവസ്ഥ അനുകൂലമായാൽ നിര്‍മാണം വേഗത്തിലാക്കി പാലം തുറക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട്‌ സൊസൈറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ എംഎൽഎമാരായ യു പ്രതിഭ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

146 കോടി രൂപയാണ്‌ വകയിരുത്തിയത്. കായംകുളം കായലിന് കുറുകെ 976 മീറ്റർ നീളത്തിൽ 29 സ്‌പാനോടെ നിർമിക്കുന്ന പാലത്തിന്റെ പ്രധാന ആകർഷണം മധ്യഭാഗത്തെ 110 മീറ്റർ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആർച്ചുകളാണ്‌. ദക്ഷിണേഷ്യയിലെ ഏറ്റവും നീളംകൂടിയ ബോ സ്ട്രിങ് ആർച്ചാണിത്.

ഇംഗ്ലണ്ടിൽനിന്ന് എത്തിച്ച മാക്ക്അലോയ് ബാർ ഉപയോഗിച്ചാണ് പാലത്തിന്റെയും ആർച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. വലിയ മത്സ്യബന്ധന യാനങ്ങൾക്കും പാലത്തിനടിയിലൂടെ സുഗമമായി  പോകാം.

വിനോദസഞ്ചാരവും വികസിക്കും
അഴീക്കൽ–-വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിച്ച് കായലിന്റെയും കടലിന്റെയും കൗതുക കാഴ്‌ചകളൊരുക്കുന്ന പാലത്തിന്റെ രൂപകല്‍പ്പന വിനോദസഞ്ചാരികളെ ആകര്‍ഷിക്കും.  വലിയഴീക്കൽ, അഴീക്കൽ ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലയിൽ ഇടംപിടിക്കും.

മധ്യഭാഗത്തുനിന്ന് നോക്കിയാൽ കടലിലെയും കായലിലേയും കാഴ്‌ചകൾ കാണാം. വലിയഴീക്കലിൽനിന്ന് അഴീക്കൽ എത്തുന്നതിന് 28 കിലോമീറ്ററോളം ദൂരവും ലാഭിക്കാം. ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായാൽ തൃക്കുന്നപ്പുഴ- വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാം.

By Rathi N