Fri. Apr 26th, 2024
പന്തളം:

ചിങ്ങമെത്തും മുൻപേ വിജയൻപിള്ളയുടെ കലവറ ഉണർന്നു. ഒരു ഫോൺ കോളിനിപ്പുറം ഉപ്പേരിയും ശർക്കരവരട്ടിയും മറ്റ് ഓണവിഭവങ്ങളും വീട്ടമുറ്റത്തെത്തും. കുരമ്പാല മണ്ണാകോണത്ത് കുടുംബം വിശ്രമമില്ലാതെ ഓണവിഭവങ്ങൾ തയാറാക്കുന്ന തിരക്കിലാണിപ്പോൾ. ശുദ്ധമായ വെളിച്ചെണ്ണയിലാണ് പാചകം.

രുചിയൂറുന്ന അച്ചപ്പം, കളിയടയ്ക്ക, മുറുക്ക്, പപ്പടബോളി എന്നിവയും ആവശ്യക്കാർക്കെത്തിച്ചു നൽകും. 14-ാം വയസ്സ് മുതൽ പാചകം പരിചയിച്ച വിജയൻപിള്ള, പിന്നീട് തിരക്കുള്ളൊരു പാചകക്കാരനായി മാറി.

എന്നാൽ, ആദ്യ ലോക്ഡൗൺ മുതൽ പ്രതിസന്ധി തുടങ്ങി. ‍ഭക്ഷണം തയാറാക്കി എത്തിച്ചു നൽകാമെന്ന ആശയം പിന്നീടാണ് മനസ്സിലുദിച്ചത്. ചെറിയ തോതിൽ തുടങ്ങിയ സംരംഭത്തിനു ആവശ്യക്കാരേറെയുണ്ടായിരുന്നു. ലോക്ഡൗൺ പിൻവലിച്ചതോടെ ഈ രീതി വേണ്ടെന്നു വച്ചതാണ്.

ഓണക്കാലമായപ്പോൾ ഇക്കുറിയും പലരും വിളിച്ചു. കൂടുതൽ വിഭവങ്ങളുമായി കലവറ വീണ്ടും സജീവമാക്കിയത് ഇങ്ങനെയാണ്. പൊറോട്ട, ചപ്പാത്തി, ബീഫ്, ചിക്കൻ, മീൻകറി ഉൾപ്പെടെ ആവശ്യമനുസരിച്ചു ഇപ്പോൾ തയാറാക്കി എത്തിക്കുന്നുണ്ട്.

ഇഞ്ചി, മാങ്ങ, നാരങ്ങ അച്ചാറുകളും ചമ്മന്തിപ്പൊടിയും ഓർഡർ അനുസരിച്ചു തയാറാക്കും. നെല്ലിക്കാട്ടിൽ അനീഷാണ് കലവറയിലെ പ്രധാന സഹായി. മുൻ പഞ്ചായത്ത് അംഗം കൂടിയായിരുന്ന ഭാര്യ ശോഭനയമ്മയും കുടുംബാംഗങ്ങളും ചേർന്നപ്പോൾ വിഭവങ്ങൾക്ക് ഇപ്പോൾ രുചിയുമേറി.

TAGS:

By Divya