Mon. Dec 23rd, 2024
നെടുമങ്ങാട്:

നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ വളരെക്കാലമായി നെടുമങ്ങാട് നഗരസഭയെയും പ്രദേശവാസികളെയും അലട്ടുന്ന വിഷയമാണ്. എന്നാൽ, നഗരസഭയുടെ ഇടപെടലിലൂടെ അതിന് ശാശ്വതപരിഹാരമാകുന്നു. നെടുമങ്ങാട് ടൗൺ മാർക്കറ്റിനെ ഇരിഞ്ചയം മാർക്കറ്റുമായി ബന്ധിപ്പിച്ച് നഗരസഭ തയ്യാറാക്കിയ വിപുലമായ പദ്ധതിക്ക് കിഫ്ബി ഡയറക്ടർ ബോർഡിന്റെയും സർക്കാരിന്റെയും ഭരണാനുമതിയായി. വൈകാതെ പദ്ധതി യാഥാർഥ്യമാകും.

2018ൽ നെടുമങ്ങാട് നഗരസഭയിലെ എൽഡിഎഫ് ഭരണസമിതിയാണ്‌ മാർക്കറ്റ് നവീകരിക്കാൻ തീരുമാനിച്ചത്. 2020 മാർച്ചിലാണ് പ്രോജക്ട് സമർപ്പിച്ചത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കാരണം നടപടിക്രമങ്ങൾ വൈകുകയായിരുന്നു.

പച്ചക്കറി, -മത്സ്യ-മാംസ വിപണനകേന്ദ്രം, കഫ്റ്റേരിയ സമുച്ചയവും ഇരിഞ്ചയത്ത് ഹോൾസെയിൽ മാർക്കറ്റും എന്നവിധമാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. 30 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. വൈകാതെ തന്നെ ടെൻഡർ നടപടികളിലേക്കു കടക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.

നഗരത്തിനടുത്ത് പ്രവര്‍ത്തനം നിലച്ചുകിടക്കുന്ന ഇരിഞ്ചയം മാര്‍ക്കറ്റുമായി ലിങ്ക് ചെയ്താണ് പദ്ധതി നടപ്പാക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട്. ടൗണ്‍ മാര്‍ക്കറ്റില്‍ നാലു നിലയില്‍ അത്യാധുനിക സംവിധാനത്തോടു കൂടിയ മന്ദിരവും അനുബന്ധമായി വിപുലമായ പരിസരവും ഒരുക്കും. ഒപ്പംതന്നെ ഇരിഞ്ചയം മാര്‍ക്കറ്റിൽ മറ്റൊരു മന്ദിരവും സംവിധാനങ്ങളും ഒരുക്കും.

മാര്‍ക്കറ്റിനുള്ളിലെ കച്ചവടക്കാര്‍ക്കും പുറത്തെ ചെറുകിട കച്ചവടക്കാര്‍ക്കും വെവ്വേറെ ബ്ലോക്കുകള്‍ പ്രവര്‍ത്തിക്കും. രണ്ടു മന്ദിരത്തിലും വിശാലമായ ഷോപ്പിങ് മാളുകള്‍ പ്രവര്‍ത്തിക്കും.

By Divya