പത്തനംതിട്ട:
കാടുകയറി വീണ്ടും സുബല പാർക്ക്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒന്നാംഘട്ട വികസനം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത പാർക്കാണ് വീണ്ടും കാടുമൂടുന്നത്. രണ്ടാംഘട്ടം വികസനം തുടങ്ങാനാവാതെ പാർക്ക് പൂട്ടിയിരിക്കുകയാണ്. സംരക്ഷണത്തിന് ആളില്ല.
നഗരവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനോദസഞ്ചാരകേന്ദ്രം പഴയതുപോലെ പാമ്പുകൾക്കും കുറുക്കൻമാർക്കും താവളമായും പശുക്കളുടെ മേച്ചിൽസ്ഥലമായും മാറി. ജില്ല പട്ടികജാതി വികസന വകുപ്പിന് കീഴിലാണ് സുബല പാർക്ക്.
പാർക്കിൻ്റെ സൗന്ദര്യവത്കരണത്തിനായി കവയിത്രി സുഗതകുമാരിയുടെ പേരിൽ സ്മൃതിവനം പദ്ധതിയിൽ നട്ട വൃക്ഷത്തൈകളെയും പാഴ്വള്ളികൾ വിഴുങ്ങി ഓഡിറ്റോറിയത്തിന് സമീപത്തായി കുളത്തിൻ്റെയും കനാലിൻ്റെയും മതിലുകളുടെയും നിർമാണം രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, നവീകരണം മുന്നോട്ടുപോയില്ല. കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും കുളത്തിൽ ബോട്ട് സർവിസും ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
പ്രവേശന കവാടത്തിന് സമീപത്തെ കെട്ടിടത്തിൽ ലഘുഭക്ഷണശാല ഒരുക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. കനാലിൻ്റെ കരയിലൂടെ പ്രഭാത, സായാഹ്ന സവാരിക്കുള്ള നടപ്പാതയാണ് മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. മൂന്ന് ഘട്ടവും പൂർത്തിയായാൽ മാത്രമേ പാർക്കായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ജില്ല നിർമിതി കേന്ദ്രത്തിനാണ് നിർമാണച്ചുമതല നൽകിയിരിക്കുന്നത്.
ഒന്നാംഘട്ടത്തിൽ ഓഡിറ്റോറിയം നവീകരിച്ചും അടുക്കളയും ടോയ്ലറ്റ് കോംപ്ലക്സ് നിർമിച്ചും ഉദ്ഘാടനം ചെയ്ത സുബല പാർക്ക് പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും വിട്ടുനൽകാനായിരുന്നു തീരുമാനം. എന്നാൽ, ഇതുവരെ കല്യാണങ്ങളോ പരിപാടികളോ ഒന്നും ഇവിടെ നടന്നില്ല. ചുമതലപ്പെട്ടവരുടെ നിശ്ചയദാർഢ്യമില്ലായ്മക്കൊപ്പം കോവിഡ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ചതും പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ ഇടയാക്കി.