Sat. May 4th, 2024
മ്ലാമല:

നൂറടിപ്പാലത്തിൽ ബസുകൾ കയറാൻ തടസ്സമായി നിന്ന വെയ്റ്റിങ് ഷെഡ് പൊളിച്ചു നീക്കി. തേങ്ങാക്കൽ, മ്ലാമല നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി. വെയ്റ്റിങ് ഷെഡ് പൊളിച്ചതോടെ കെഎസ്ആർടിസി ഒരു വർഷത്തിലേറെയായി നിർത്തിവച്ചിരുന്ന സർവീസ് പുനരാരംഭിച്ചു. വണ്ടിപ്പെരിയാർ–തേങ്ങാക്കൽ റൂട്ടിൽ നൂറടിപ്പാലം പ്രളയത്തിൽ തകർന്നതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്.

പാലം താൽക്കാലികമായി പഞ്ചായത്ത് പുതുക്കിപ്പണിതെങ്കിലും സമീപത്തെ വെയ്റ്റിങ് ഷെഡ് ബസുകൾ പാലത്തിലേക്ക് കയറുന്നതിന് തടസ്സമായി മാറി. ഇക്കാര്യം പല തവണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും അധികൃതർ ഗൗരവം കൊടുത്തില്ല. കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് വെയ്റ്റിങ് ഷെഡ് പൊളിക്കാൻ ധാരണയായത്.

ബസ് സർവീസ് പുനരാരംഭിച്ചതോടെ തേങ്ങാക്കൽ, മ്ലാമല, പൂണ്ടിക്കുളം, മൂങ്കലാർ, കീരിക്കര പ്രദേശത്തുള്ളവരുടെ യാത്രക്ലേശത്തിനു പരിഹാരമാകും. പ്രളയത്തിൽ തകർന്ന നൂറടിപ്പാലവും ശാന്തിപ്പാലവും നിശ്ചിത കാലാവധിക്കുള്ളിൽ പണിയണമെന്ന ഉത്തരവിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞിട്ടുണ്ട്.

ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. സർക്കാർ പുതിയ പാലം പണിയുന്നതോടെ പഞ്ചായത്ത് പുതിയ വെയ്റ്റിങ് ഷെഡ് പണിയുമെന്ന ഉറപ്പും നാട്ടുകാർക്ക് നൽകിയിട്ടുണ്ട്.

By Divya