Sat. Apr 20th, 2024
കട്ടപ്പന:

ഈർക്കിലും പുല്ലുമെല്ലാം മനോഹരനിർമിതിക്കുള്ള ആയുധങ്ങൾ മാത്രമാണ് കാഞ്ചിയാർ കുഞ്ചുമല സ്വദേശി അഭിജിത്തിന്‌. ഈർക്കിലിയും തെരുവപ്പുല്ലും ഉപയോഗിപ്പുള്ള നിർമിതികൾ കണ്ടാൻ ഏതൊരാളും നോക്കിനിൽക്കും. ഒമ്പതുമാസംകൊണ്ട് ഈർക്കിലിയിൽ നിർമിച്ച മനോഹര താജ്മഹലാണ് അഭിജിത്തിനെ ഇപ്പോൾ ഏറെ പ്രശസ്‌തനാക്കുന്നത‍്‌.

രണ്ടര അടിയോളം വീതിയും ഉയരവുമുള്ള ഈ താജ്മഹൽ ആരെയും മോഹിപ്പിക്കും. വർഷങ്ങൾക്കു മുമ്പ്‌ സ്വരാജ് സെന്റ് പോൾസ് പള്ളിയുടെ മാതൃകയും അഭിജിത്ത് നിർമിച്ചിരുന്നു. വീടിനടുത്ത ഗ്രൗണ്ടിൽനിന്ന് ലഭിച്ച ഉണങ്ങിയ തെരുവപ്പുല്ലുകൾ ഉപയോഗിച്ചായിരുന്നു നിർമാണം. അഞ്ചാഴ്‌ചയോളമെടുത്താണ് പൂർത്തിയാക്കിയത്.

മുരിക്കാട്ടുകുടി ഗവ ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു കഴിഞ്ഞ സമയത്താണ് താജ്മഹലിന്റെ മാതൃക നിർമിക്കാൻ തുടങ്ങിയത്. അധ്യാപകരായിരുന്നു പ്രചോദനം. 38 ചൂലുകൾ വാങ്ങി അതിലെ ഈർക്കിലികൾ ഉപയോഗിച്ചായിരുന്നു നിർമാണം.

ഈർക്കിലികൊണ്ട് നിർമിക്കുമ്പോൾ ഉണ്ടാകുന്ന ബലക്കുറവ് പരിഹരിക്കാൻ തറയിൽ സീലിങ്ങിന്റെ കഷണങ്ങൾ ഉപയോഗിച്ചു. എക്‌സ്-റേ ഷീറ്റ്, ഈട്ടിത്തടിയുടെ കാതലിന്റെ ഭാഗങ്ങൾ എന്നിവയും പ്രയോജനപ്പെടുത്തി. ഏകദേശം 10,000 രൂപയോളം ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. പശയ്‌ക്കായിരുന്നു കൂടുതൽ തുക ചെലവായത്‌.

കട്ടപ്പന ഗവ ഐടിഐയിലെ വെൽഡിങ്‌ വിദ്യാർഥിയായ അഭിജിത്ത് കുഞ്ചുമല വാഴക്കാലായിൽ പരേതനായ ശശികുമാർ–സോഫി ദമ്പതികളുടെ മകനാണ്. ചെറുപ്പം മുതൽ ചിത്രരചനയിലും മികവ് തെളിയിച്ചു. രണ്ടുവർഷം മുമ്പായിരുന്നു അച്ഛന്റെ മരണം.

അമ്മ കൂലിപ്പണിക്കു പോയി ലഭിക്കുന്നത്‌ മാത്രമായിരുന്നു വരുമാനം. പഠനത്തിനിടെ ചെറിയ ജോലികൾചെയ്ത് വരുമാനം കണ്ടെത്താൻ അഭിജിത്തും ശ്രമം തുടങ്ങി. സ്വന്തം കൃഷിയിടത്തിലും പണിതു. അഭിജിത്തിലെ കലാകാരനെ തിരിച്ചറിഞ്ഞ നാട്ടുകാർ പുൽക്കൂട് നിർമിക്കാൻ ഏൽപ്പിച്ചതോടെയാണ് പുതുവഴി തെളിഞ്ഞത്.

ഏഴാം ക്ലാസ് മുതൽ നാട്ടുകാരിൽ പലർക്കും പുൽക്കൂടുകൾ നിർമിച്ചുനൽകിയിരുന്നു. ഐടിഐ പഠനം പൂർത്തിയാക്കി ജോലി നേടുന്നതിനൊപ്പം കലാരംഗത്തും ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് അഭിജിത്തിന്റെ ആഗ്രഹം. സൗമ്യ, രമ്യ എന്നിവർ സഹോദരങ്ങളാണ്.

By Divya