Mon. Dec 23rd, 2024
കോഴിക്കോട്:

ഗവ ജനറൽ ആശുപത്രിയുടെ (ബീച്ച് ആശുപത്രി) വികസന രംഗത്തു പുതിയ കാൽവയ്പ്. കിഫ്ബിയിൽ 176 കോടി രൂപയുടെ പദ്ധതിക്കു അംഗീകാരമായി. ഇതിൽ 86 കോടി രൂപ ചെലവഴിച്ചു പുതിയ ശസ്ത്രക്രിയ തിയറ്റർ സമുച്ചയം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അമിനിറ്റീസ് ബ്ലോക്ക് എന്നിവ നിർമിക്കും. ആശുപത്രി കെട്ടിട നവീകരണം, ജീവനക്കാർക്കു പുതിയ ഫ്ലാറ്റ് സമുച്ചയം തുടങ്ങിയവയ്ക്കാണു 90 കോടി രൂപ വകയിരുത്തിയത്.

ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ നേരത്തെ തയാറാക്കിയിരുന്നു. ഇതുപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻകെലാണ് നിർവഹണ ഏജൻസി. 2 പദ്ധതികൾക്കും ഭരണാനുമതിയായി.

തിയറ്റർ കോംപ്ലക്സ് നിർമാണത്തിനു സാങ്കേതിക അനുമതിയും ലഭിച്ചു. ശസ്ത്രക്രിയാ തിയറ്റർ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമാണ പ്രവൃത്തി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു.7 നിലകളോടു കൂടിയ കെട്ടിട സമുച്ചയത്തിൽ അത്യാഹിത വിഭാഗം കോംപ്ലക്സ്, ട്രോമകെയർ യൂണിറ്റ്, റേഡിയോ ഡയഗ്‌നോസിസ് വിഭാഗം, ആധുനിക രീതിയിലുള്ള ലാബ് തുടങ്ങിയവയാണ് ഒരുക്കുക.

ആശുപത്രിയിലെ ക്വാർട്ടേഴ്സ് വളപ്പിലാണ് തിയറ്റർ കോംപ്ലക്സ് നിർമിക്കുക. എംആർഐ സ്കാനിങ് യൂണിറ്റും സ്ഥാപിക്കും. നിലവിൽ സിടി സ്കാൻ മാത്രമാണ് ആശുപത്രിയിലുള്ളത്.

ആശുപത്രിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നി‍ർമാണവും ഇതിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇഎൻടി വിഭാഗം കെട്ടിടത്തിനു മുകളിലാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിക്കുക. ലഹരി വിമുക്തി ചികിത്സാ കേന്ദം പ്രവൃത്തിക്കുന്ന സ്ഥലത്താണ് അമിനിറ്റീസ് ബ്ലോക്ക് നിർമിക്കുന്നത്.

രോഗികളുടെ ഒപ്പമുള്ളവർക്കു കാത്തിരിപ്പു കേന്ദ്രം, കന്റീൻ, മിനി സൂപ്പർമാർക്കറ്റ് തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുത്തിയത്. നിലവിലെ കെട്ടിടം നവീകരിക്കുന്നതോടൊപ്പം പുതിയ ലിഫ്റ്റുകൾ സ്ഥാപിക്കും. ജീവനക്കാർക്ക് ഫ്ലാറ്റ് സമുച്ചയം നിർമിക്കും. നിലവിലെ കാരുണ്യ ഫാർമസി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ഫ്ലാറ്റ് നിർമിക്കുക. നിലവിൽ കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് ജീവനക്കാർ താമസിക്കുന്നത്. പുതിയ ഫ്ലാറ്റ് നിർമിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ നടപ്പാക്കാൻ പോകുന്നത്.