കിളിമാനൂർ:
ആറ്റിങ്ങൽ റോഡിലെ കിളിമാനൂർ കൊച്ചു പാലത്തിൽ കൂടിയുള്ള വാഹന ഗതാഗതം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ പുനരാരംഭിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് വകുപ്പ്. പാലത്തിന്റെ ഉപരിതല കോൺക്രീറ്റ് ജൂലൈ 30 ന് നടന്നു. കോൺക്രീറ്റിനു ശേഷം 28 ദിവസം കഴിഞ്ഞാൽ പാലത്തിൽ കൂടിയുള്ള ഗതാഗതം ആരംഭിക്കാം. ഒരു കൈവരിയുടെ കോൺക്രീറ്റും കഴിഞ്ഞു.
രണ്ടാമത്തെ കൈവരിയുടെ കോൺക്രീറ്റ്, പാലത്തിന്റെ ഇരു വശങ്ങളിലായി നാലിടത്ത് പാർശ്വഭിത്തി നിർമാണം, പാലത്തിനും റോഡിനും ഇടയിൽ മണ്ണിട്ട് ഉറപ്പിക്കൽ എന്നിവയാണ് ഇനി ശേഷിക്കുന്നത്. ഈ മാസം അവസാനത്തോടെ പാലത്തിന്റെ എല്ലാ നിർമാണ ജോലികളും പൂർത്തിയാകുമെന്ന് മരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. 50 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പ് നൽകി.
ഏപ്രിൽ 29ന് ആണ് പാലം പണി ആരംഭിച്ചത്. നിർമാണം തുടങ്ങിയിട്ട് ഇന്നു 101 ദിവസം പിന്നിടുകയാണ്. നിർമാണം തുടങ്ങിയ ശേഷം ഗതാഗതം തിരിച്ചു വിട്ട പഞ്ചായത്ത് ബസ്‌സ്റ്റാൻഡ്, മങ്കാട്, ആയിരവില്ലി, മഹാദേവേശ്വരം, ശിൽപ റോഡുകളുടെ അറ്റകുറ്റ പണികൾ ചെയ്യാത്ത പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്ത് നടപടിയിൽ യാത്രക്കാർ കടുത്ത അതൃപ്തിയിലാണ്.