Fri. Apr 26th, 2024
അമ്പലവയൽ:

ലോക്ഡൗൺ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ജില്ലയിൽ ഏറെക്കാലമായി അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ 10 മുതൽ വീണ്ടും തുറക്കുന്നു. ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളാണ് ഏറെ കാലത്തിന് ശേഷം വീണ്ടും സന്ദർശകർക്കായി തുറക്കുന്നത്. വിനോദ സഞ്ചാരികളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒട്ടേറെപ്പേർക്ക് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത് ആശ്വാസമാകും.

ജില്ലയിലെ എടയ്ക്കൽ ഗുഹ, കറലാട് ചിറ, ബത്തേരി ടൗൺ സ്ക്വയർ, കാന്തൻപാറ വെള്ളച്ചാട്ടം, മാവിലാംതോട് പഴശി പാർക്ക്, ചീങ്ങേരി മല എന്നിവയാണു 10 മുതൽ സന്ദർശകർക്കായി തുറക്കുക. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ മെഗാ ടൂറിസം പദ്ധതിയും പത്തിനോ അതിനടുത്ത ദിവസങ്ങളിലോ തുറക്കും. കെഎസ്ഇബിയുടെ കീഴിലുള്ള ബാണാസുര സാഗർ ഡാം നാളെ മുതൽ തുറക്കും.

ജില്ലയിൽ എല്ലാവർഷവും ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകം തിങ്കളാഴ്ച തുറക്കില്ല, നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ്. അതു പൂർത്തിയാകുന്നതോടെ തുറക്കും. ചരിത്ര സ്മാരകങ്ങൾ ശേഖരമായ അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയവും താൽകാലം തുറക്കില്ല. സന്ദർശിക്കുന്നവർക്ക് സാമൂഹിക അകലമടക്കമുള്ളവ പാലിക്കാൻ കെട്ടിടത്തിനുള്ളിൽ തടസ്സമാകുമെന്നതിനാലാണ് മ്യൂസിയം തുറക്കാത്തത്. മഴക്കാലമായതിനാൽ വെള്ളത്തിന്റെ പ്രശ്നങ്ങളുള്ളതിനാൽ കുറുവ ദ്വീപും ഉടൻ തുറക്കില്ല.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ കൂടുതലായി എത്തുമെങ്കിലും ഭക്ഷണം ഇരുന്ന് കഴിക്കാൻ സാധിക്കാത്തത് പ്രതിസന്ധിയാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോട്ടലുകൾ കൂടി തുറക്കാനായാൽ വിനോദ സഞ്ചാരികൾ കൂടുതലായെത്തും. ടൂറിസം കേന്ദ്രങ്ങളോട് ചേർന്നുള്ള ഭക്ഷണശാലകൾക്ക് ഇളവുകൾ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.