Fri. Mar 29th, 2024
കൊല്ലം:

ശിശുപരിവർത്തന പരിപാടിയുമായി കൂട്ടിക്കട കണിച്ചേരി എൽപി സ്കൂൾ. കുട്ടിക്കൊപ്പം അമ്മ എന്ന കാഴ്ചപ്പാടോടെയാണ് കളരി 2021 എന്ന പേരിൽ ശിശുപരിവർത്തന പരിപാടി ആരംഭിച്ചത്. മൊബൈൽ, ടിവി എന്നിവയിലൂടെ വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾക്കിടയിൽ ഗവേഷണ സ്വഭാവത്തോടെ നടത്തിയ അവസ്ഥാ പഠനത്തിൽ പല കുട്ടികൾക്കും ശാരീരിക,- മാനസിക,- ബൗദ്ധിക വൈകാരിക തലത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്തി.

ഇത്തരം കുട്ടികൾക്ക് പഠനത്തിൽ അവർ അറിയാതെ നേരിടുന്ന പ്രശ്നങ്ങളും തിരിച്ചറിയാനായി. ഇതിനു പരിഹാരമായി രൂപം നൽകിയതാണ് കളരി. സ്കൂളിൽ വരുമ്പോഴുള്ള ദിനചര്യ പരമാവധി നിലനിർത്തിക്കൊണ്ടുള്ളതാണ്‌ പ്രവർത്തനം.

പരമാവധി വീടിനുള്ളിൽ കഴിയുന്നതിനാൽ വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാൻ ഉതകുന്ന പ്രവർത്തനങ്ങളും കളരിയിലുണ്ട്. നാലു ഘട്ടമായാണ്‌ മൂന്നു ദിവസത്തെ പ്രവർത്തനം. നിലവിലെ പരിമിതികളെയും പ്രശ്നങ്ങളെയും മനസ്സിലാക്കാനുള്ള അവസ്ഥാ പഠനം, പാഠഭാഗങ്ങൾ അമ്മയ്ക്കു പരിചയപ്പെടുത്തുന്നു, അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം, അമ്മമാർക്കായുള്ള അക്കാദമിക പ്രവർത്തനങ്ങളും മത്സരങ്ങളും ഇവയാണ്‌ നാലുഘട്ടങ്ങൾ.

കല, സാഹിത്യം, ആരോഗ്യം, സാംസ്‌കാരിക, നിയമ, വിദ്യാഭ്യാസ മേഖലയിലുള്ള പ്രഗത്ഭരാണ് റിസോഴ്സ് പേഴ്സൺമാരായി ക്ലാസുകൾ നയിക്കുന്നത്. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴുമുള്ള സംസാരം ഇല്ലാതായി. അതുവഴി കുട്ടികൾക്ക് മാനസിക പ്രശ്നങ്ങളും സാമൂഹ്യ ബന്ധങ്ങളിൽ വിള്ളലും വീണിട്ടുണ്ട്. ഇതിനു പരിഹാരമായി കുട്ടികൾക്ക് വർത്തമാനം പറയാൻ ‘മിണ്ടക്കം’ എന്ന പേരിൽ ഗൂഗിൾ വഴിയും അവസരം ഒരുക്കുന്നു.

By Divya