മുണ്ടക്കയം:
മുണ്ടക്കയം ബൈപാസിൻ്റെ സമീപത്തെ ജലസേചന വകുപ്പിൻ്റെ ജലസംഭരണി അപകടക്കെണിയാവുന്നു. ബൈപാസ് നിര്‍മാണഘട്ടത്തില്‍തന്നെ വാട്ടര്‍ ടാങ്ക് സമാന്തര പാതയില്‍നിന്ന് മാറ്റാൻ ഒരുകോടിയോളം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍, റോഡ് നിര്‍മാണം പൂര്‍ത്തിയായി നാളുകള്‍ കഴിഞ്ഞിട്ടും ജലവിതരണ വകുപ്പ് ടാങ്ക് മാറ്റിസ്ഥാപിച്ചില്ല.
അനുവദിച്ച തുക പാഴാവുകയും ചെയ്തു. ബൈപാസിലെ വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് ഇപ്പോള്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. എതിര്‍ദിശയില്‍ ഒരു വാഹനം വന്നാല്‍ മാറ്റിക്കൊടുക്കാന്‍ സ്ഥലം ഇല്ലാത്തതിനാൽ ടാങ്കിലിടിച്ചാണ് അപകടം ഉണ്ടാകുന്നത്. നിരവധി വാഹനങ്ങള്‍ മേഖലയില്‍ അപകടത്തില്‍പെട്ടിരുന്നു.
വിഷയം തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ജലജീവന്‍ പദ്ധതിയില്‍പെടുത്തി കുടിവെള്ള പദ്ധതി പ്രവര്‍ത്തനസജ്ജമാകുന്നതോടെ വാട്ടര്‍ടാങ്ക് പൊളിച്ചുനീക്കുമെന്നും മുണ്ടക്കയം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് സി വി അനില്‍കുമാര്‍ പറഞ്ഞു.