Fri. Apr 26th, 2024
നീണ്ടൂർ:

ഉത്തരവാദിത്ത ടൂറിസത്തിൻ്റെ ഭാഗമായി നീണ്ടൂരിൽ വിവിധ സ്ഥലങ്ങളെ ബന്ധപ്പെടുത്തിയുള്ള ജലപാതകൾ തെളിയിക്കും. ചരിത്ര പ്രാധാന്യമുള്ള മാന്നാനം – കൈനടി ജല യാത്രയുടെ ഓർമയ്ക്കായി മാന്നാനം കടവ് നേരത്തെ നവീകരിക്കുകയും തോടുകൾ ഭാഗികമായി വീണ്ടെടുക്കുകയും ചെയ്തിരുന്നു. അതിരമ്പുഴ പഞ്ചായത്തിന്റെ മേൽനോട്ടത്തിലായിരുന്നു മാന്നാനത്തെ പണികൾ.

നീണ്ടൂർ ഗ്രാമ പഞ്ചായത്ത് രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം മാതൃകാ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി തുടർ പ്രവർത്തനങ്ങൾ നീണ്ടൂരിൽ നിന്നാണ് ചെയ്യുക. കൈതക്കനാൽ റോഡിലെ പുഞ്ചവയൽക്കാറ്റ് വിശ്രമ സ്ഥലം വിപുലീകരിക്കും. ചോഴിയപ്പാറ, കൈപ്പുഴ പള്ളിത്താഴെ, പ്രാവട്ടം, ഓണംതുരുത്ത്, ശാസ്താങ്കൽ, കുട്ടോമ്പുറം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പദ്ധതികൾ ഉണ്ടാകും. സമഗ്ര പദ്ധതിയിൽ കുട്ടോമ്പുറം മേഖലയും ഉൾപ്പെടുത്തും.

അതിരമ്പുഴ, നീണ്ടൂർ, ആർപ്പൂക്കര, അയ്‌മനം, കുമരകം പഞ്ചായത്തുകളിലെ തോട്ടിലൂടെ വേമ്പനാട്ടു കായലിലെത്തി ആലപ്പുഴ വഴിയാണു ബോട്ടും വള്ളവും കൈനകരിക്കു പോയിരുന്നത്. ഹൈറേഞ്ചിൽ നിന്നുള്ള സുഗന്ധവ്യഞ്‌ജനങ്ങൾ കടൽ കടത്തിയിരുന്ന അതിരമ്പുഴ തുറമുഖവും പ്രസിദ്ധമായ മാന്നാനം ചന്തയും ഇന്നില്ല. വേമ്പനാട്ടു കായലിലേക്കുള്ള പ്രധാന ജലപാതയായ പെണ്ണാർ തോട് നവീകരിക്കുന്നതിലൂടെ ടൂറിസത്തിനു പുതിയ മുഖം ലഭിക്കും.

By Divya