Thu. Dec 19th, 2024

വള്ളികുന്നം ∙

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യന്ത്രമനുഷ്യനെ നിർമിച്ച് വിദ്യാർത്ഥികൾ ശ്രദ്ധേയരായി. കട്ടച്ചിറ മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികളാണ് സൈറ എന്ന പേരിൽ യന്ത്രമനുഷ്യനെ നിർമിച്ചത്.

എസ് രത്നകുമാർ, നന്ദു വി പിള്ള, എം.ദേവനാരായണൻ, ജി അനന്തു, എ അക്ഷയ് എന്നിവരാണ്  ഇതിന് പിന്നിലെ ശിൽപികൾ. പ്രഫ. വിനോദ് വിജയന്റെ മേൽനോട്ടത്തിൽ ഇവർ നിർമിച്ച  യന്ത്രമനുഷ്യൻ കൊവിഡിനെ ചെറുത്ത് നിൽക്കാനുള്ള ഒരു മാർഗമായി ഡോക്ടർമാരും അംഗീകരിക്കുന്നു.

കൊവിഡ്   മുന്നണിപ്പോരാളികളായ നിരവധി ആരോഗ്യ പ്രവർത്തകരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ഇതിന് ഒരു ചെറിയ പരിഹാരം കണ്ടെത്തണമെന്ന ചിന്തയാണ് സൈറ എന്ന  യന്ത്രമനുഷ്യന്റെ പിറവിക്ക് കാരണം. സൈറ രംഗത്ത് എത്തിയാൽ രോഗികളുടെ അടുത്തേക്ക് ആരോഗ്യ പ്രവർത്തകർക്ക് പോകാതെ തന്നെ ശുശ്രൂഷ നൽകാൻ കഴിയും .

മരുന്നുകളും ആഹാരവും മറ്റ് അത്യാവശ്യ സാധനങ്ങളുമെല്ലാം സൈറ രോഗികളുടെ അടുത്ത് എത്തിക്കും. കൂടാതെ ഇതിലെ ശക്തിയേറിയ ക്യാമറകൾ വഴി ഡോക്ടർമാർക്ക് രോഗികളുമായി  നേരിട്ട് സമ്പർക്കത്തിൽപ്പെടാതെ ശുശ്രൂഷിക്കാനും മരുന്നുകൾ നൽകാനും കഴിയും. വിഡിയോ കോളിങ്ങും സാധ്യമാണ്.

കൊവിഡ്  വന്ന് ഒറ്റപ്പെട്ട് കഴിയുന്നവരുടെ പിരിമുറക്കം കുറയ്ക്കാൻ പാട്ടും സിനിമയും ചിത്രങ്ങളുമെല്ലാം പ്രദർശിപ്പിക്കാനും സൈറയ്ക്ക് കഴിയും. ഇത് കുറഞ്ഞ ചെലവിൽ നിർമിച്ച് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ

By Rathi N