Wed. Nov 6th, 2024

പാലക്കാട്:

പാലക്കാട് കാഞ്ഞിരപ്പുഴയിൽ രാത്രിയിൽ  പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ആയുധങ്ങളുമായി ഒരു സംഘമാളുകൾ രാത്രിയിൽ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് വനം വകുപ്പ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷൈൻ അറസ്റ്റിലായത്. ഇയാളിൽ നിന്നും മൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ച ഇരുമ്പ് കുന്തവും പിടിച്ചെടുത്തു.

സംഘത്തിലെ മുഖ്യ സൂത്രധാരൻ സുന്ദരൻ ഉൾപ്പെടെ 4 പേർ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. വൈൽഡ് ലൈഫ് ആക്ട് പ്രകാരവും വനത്തിൽ അതിക്രമിച്ചു കടന്നതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വക്കോടൻ മലവാരം, കാഞ്ഞിരപുഴ ഡാം എന്നിവിടങ്ങളിലായിരുന്നു സംഘം നായാട്ട് നടത്തിയിരുന്നത്.

ഒരു സംഘം ആൾക്കാർ നായ്ക്കളുമായി രാത്രിയിൽ നടുറോഡിലൂടെ പോവുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഘത്തെ ചിലർ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നിരുന്നില്ല.

സംഘത്തിലെ എല്ലാവരും ആയുധങ്ങള്‍ കരുതിയിരുന്നതിനാല്‍ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാര്‍ക്കുണ്ടായിരുന്നത്. പല തവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കിയിരുന്നു.

By Rathi N