മാവേലിക്കര:
നഗരസഭ അനുമതി കൂടാതെ ആരംഭിച്ച മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഐഒസി പമ്പ് നിര്‍മാണത്തിന് നഗരസഭ സ്റ്റോപ് മെമ്മോ നല്കി. നഗരസഭയുടെ അനുമതി കൂടാതെ നിര്‍മാണം നടത്തരുതെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി നോട്ടീസ് നല്‍കിയതിനുശേഷവും പമ്പിന്റെ അടിത്തറ ഉൾപ്പെടെയുള്ള നിര്‍മാണം നടന്നിരുന്നു.
ഇതേതുടർന്ന് നഗരസഭ ചെയര്‍മാെൻറ നേതൃത്വത്തില്‍ യുഡിഎഫ്, ബിജെപി അംഗങ്ങളും സെക്രട്ടറിയും ഉൾപ്പെടെ കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തി സ്ഥിതി മനസ്സിലാക്കി സ്റ്റോപ് മെമ്മോ നല്‍കുകയുമായിരുന്നു.
പമ്പ് നിര്‍മാണം തടസ്സപ്പെടുത്തി സര്‍ക്കാര്‍ വികസന പരിപാടികളെ യുഡിഎഫും ബിജെപിയും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചും സ്റ്റോപ് മെമ്മോ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചും എല്‍ഡിഎഫ് അംഗങ്ങള്‍ വിഷയം ചര്‍ച്ചചെയ്യാൻ കൂടിയ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലും തുടര്‍ന്നുള്ള ഡിപ്പോ സന്ദര്‍ശന വേളയിലും യുഡിഎഫ്, ബിജെപി അംഗങ്ങള്‍ അനധികൃത പമ്പ് നിര്‍മാണം അനുവദിക്കില്ലെന്ന് നിലപാടെടുത്തു. സ്ഥലപരിമിതിയുള്ള ഡിപ്പോയില്‍ പമ്പ് കൂടി അനുവദിച്ചാല്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.
നഗരസഭയുടേത് ഉൾപ്പെടെ ഒരു അനുമതിയും നിര്‍മാണത്തിനു നേടിയിട്ടില്ലെന്നും യുഡിഎഫ് -ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.