Mon. Dec 23rd, 2024
അടൂർ:

കൊല്ലം–പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനയടി–കൂടൽ റോ‍ഡിൻ്റെ നവീകരണം അനന്തമായി വൈകുന്നു. പ്രധാന റോഡ് വികസന പദ്ധതിയിൽപ്പെട്ടതും ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുമായ പദ്ധതിയാണിത്. കൊല്ലം ആനയടി കോട്ടപ്പുറം ജംക്‌ഷനിലെ ദേശീയ പാതയിൽ തുടങ്ങി പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ, പഴകുളം, കുരമ്പാല, കീരുകുഴി, ചന്ദനപ്പള്ളി, ഒറ്റത്തേക്ക് നെടുമൺകാവ് വഴി പുനലൂർ – മൂവാറ്റുപുഴ റോഡിലെ കൂടലിൽ അവസാനിക്കുന്ന റോഡാണിത്.

35 കിലോമീറ്റർ ദൈർഘ്യമുണ്ട്. ആനയടി–കൂടൽ റോഡ് യാഥാർഥ്യമായാൽ കൊല്ലം ജില്ലയിലുള്ള ശൂരനാട്, ആനയടി ഭാഗത്തുള്ളവർക്കും പള്ളിക്കൽ ഭാഗത്തുള്ളവർക്കും കുരമ്പാല, പന്തളം എന്നിവിടങ്ങളിലേക്കും കൊടുമൺ, പത്തനംതിട്ട, ശബരിമല, ചന്ദനപ്പള്ളി, കോന്നി മെഡിക്കൽ കോളജിലേക്കും വേഗത്തിൽ എത്താൻ ഈ വഴി പ്രയോജനപ്പെടത്താം.

കൂടാതെ കടമാൻകുളം, കുരമ്പാല തെക്ക്, ഒറ്റത്തേക്ക് തുടങ്ങിയ ഗ്രാമീണ മേഖലകളിലെ വികസനത്തിനും റോഡ് ഗുണകരമാകും. 109 കോടി രൂപയാണ് നവീകരണത്തിനായി കിഫ്ബി അനുവദിച്ചിരുന്നത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന കരാർ പ്രകാരം 2019 ജൂലൈയിൽ നിർമാണത്തിന് തുടക്കമിട്ടതാണ്.

2021 ജൂലൈ കഴിഞ്ഞിട്ടും പൂർത്തിയായില്ല. നെടുമൺകാവ് മുതൽ ഒറ്റത്തേക്ക് ഭാഗം വരെ 2 കിലോമീറ്റർ ദൂരം മാത്രമാണ് ഇതുവരെ ടാറിങ് നടത്തിയത്. ഈ ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ പൈപ്പുകൾ ഇല്ലാത്തതിനാലാണ് ടാറിങ് നടത്താനായത്. ഒറ്റത്തേക്ക് ഭാഗം പടിഞ്ഞാറോട്ട് മെറ്റൽ വിരിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പണികൾ പലഭാഗങ്ങളിലായി നടക്കുന്നുണ്ടെങ്കിലും ഇഴഞ്ഞു നീങ്ങുകയാണ്.

By Divya