Wed. Nov 6th, 2024

പാലക്കാട്:

ലോക്ഡൗൺ പ്രതിസന്ധിക്കിടെ പൊലീസിന്‍റെ കനത്ത പിഴക്കെതിരെ വ്യാപാരിയുടെ പ്രതിഷേധം. പിഴയടച്ച രസീതും കടക്ക് മുന്നില്‍ ആരും നിൽക്കരുതെന്ന പോസ്റ്ററും പതിച്ചാണ് പാലക്കാട് തച്ചനാട്ടുകര ചാമപ്പറമ്പിൽ പലചരക്ക് കട നടത്തുന്ന അബ്ബാസിന്‍റെ പ്രതിഷേധം. കടക്ക് മുന്നില്‍ 5 പേർ നിന്നതിനാണ് തച്ചനാട്ടുകര പൊലീസ് 2000 രൂപയാണ് പിഴയിട്ടത്.

തച്ചനാട്ടുകര ചാമപ്പറമ്പ് നറുക്കോട് എന്ന കൊച്ചു ഗ്രാമത്തിലെ ഏക പലചരക്കുകടയാണ് അബ്ബാസിന്‍റെ അബീ സ്റ്റോർ . കടയുടെ മുൻ മ്പിൽ 5 പേർ കൂടി നിന്നു എന്ന പേരിലാണ് തച്ചനാട്ടുകര പൊലീസ് 2000 രൂപ പിഴയിട്ടത്. ഈ വിവരം തച്ചനാട്ടുക്കര പഞ്ചായത്ത് പ്രസിഡന്‍റായ കെപിഎം സലിം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ദിവസങ്ങൾ കച്ചവടം നടത്തിയാൽ മാത്രമെ കടം വാങ്ങി പിഴയടച്ച പണം ലഭിക്കൂ. പിഴയടച്ച രസീതും ആരും കൂട്ടമായി നിൽക്കരുതെന്ന പോസ്റ്ററും അബീ സ്റ്റോറിന് മുന്നിൽ പതിച്ചിട്ടുണ്ട്. ഇനിയും 2000 രൂപ ഫൈൻ കെട്ടാൻ തന്‍റെ കയ്യില്‍ ഇല്ലെന്നും സഹകരിക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്.

പോസ്റ്റർ പതിച്ചതോടെ കച്ചവടം കുറഞ്ഞു. പൊലീസിന്‍റെ നടപടിക്കെതിരെ ഇങ്ങനെയെങ്കിലും പ്രതികരിക്കണ്ടേ എന്നാണ് അബ്ബാസിന്‍റെ ചോദ്യം. എന്നാൽ നിയമപരമായ പിഴ മാത്രമാണ് ചുമത്തിയതെന്നാണ് നാട്ടുകൽ പൊലീസിന്‍റെ വിശദീകരണം.

By Rathi N