ഏലപ്പാറ:
മലയോര ഹൈവേയുടെ ഭാഗമായി കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. നിലവിലെ ഗതാഗതത്തിന് തടസ്സംവരാതെയാണ് നിർമാണം. ചുരുങ്ങിയ കാലയളവിൽ 35 ശതമാനം പൂർത്തിയായി. കുട്ടിക്കാനം– പുളിയൻമല സംസ്ഥാനപാത മലയോര ഹൈവേയായി പ്രഖ്യാപിച്ച് 163.53 കോടി രൂപയാണ് സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിൽ അനുവദിച്ചത്.
80 കോടി രൂപ ചെലവഴിച്ചുള്ള കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ 19 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. രണ്ടാംഘട്ടമായി ചപ്പാത്ത്– പുളിയൻമല 13 കിലോമീറ്റർ റോഡ് നിർമാണത്തിന് 83.53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കുട്ടിക്കാനം മുതൽ പുളിയൻമല വരെ ഒമ്പതുമീറ്റർ ടാറിങ് ഉൾപ്പെടെ 12 മീറ്റർ വീതിയിലാണ് നിർമാണം നടത്തുന്നത്.
പീരുമേട് താലൂക്കിൽ ഇത്രയും വീതിയുള്ള പാത നിർമാണം ആദ്യമാണ്. കാലവർഷത്തെ അതിജീവിക്കാൻ കഴിയുന്ന നിലവാരത്തിലാണ് നിർമാണം. കൊടുംവളവുകൾ നിവർത്തും. വെള്ളക്കെട്ടുള്ള ഭാഗങ്ങൾ ഉയർത്തി കലുങ്കുകളും കോൺക്രീറ്റ് ഓടകളും നിർമിക്കും. ഈ പാതയിൽ 86 ചെറിയ പാലങ്ങളും ഉണ്ടാകും.
ആറു കലുങ്കുകൾകൂടി നിർമിക്കാൻ കിഫ്ബിക്ക് നിർവഹണ ഉദ്യോഗസ്ഥർ ശുപാർശ നൽകിയിട്ടുണ്ട്. നാലുമാസത്തിനുള്ളിൽ പാതനിർമാണം അന്തിമഘട്ടത്തിലെത്തും. സുരക്ഷിത യാത്ര ഉറപ്പാക്കാൻ ഇരുവശങ്ങളിലും സംരക്ഷണഭിത്തികൾ കെട്ടുന്ന ജോലിയും പുരോഗമിക്കുന്നു.