Thu. Apr 18th, 2024

പാലക്കാട്:

വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമാസ്വദിച്ച് മഴനനഞ്ഞ് കാടിനോട് ഇഴുകിച്ചേർന്നൊരു ട്രെക്കിങ്. യാത്ര അവസാനിക്കുന്നിടത്ത് നാലുനിലകളുള്ള വാച്ച് ടവറിൽനിന്ന് കാടി​ന്റെ മനംനിറയ്ക്കുന്ന കാഴ്ചകളുമൊരുക്കി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് മീൻവല്ലം വെള്ളച്ചാട്ടവും വനംവകുപ്പ് ഒരുക്കിയ വാച്ച് ടവറും. 

കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുമ്പോൾ ഇവ സഞ്ചാരികൾക്ക് മനോഹര കാഴ്ചകൾ സമ്മാനിക്കും, ഇപ്പോൾ  പ്രവേശനമില്ല. പാലക്കാട് വനം ഡിവിഷനിലെ ധോണി സെക്‌ഷനുകീഴിലാണ് മീൻവല്ലം വെള്ളച്ചാട്ടം.

വർഷങ്ങൾക്ക് മുമ്പ് നിർമാണം പൂർത്തിയാക്കിയ വാച്ച് ടവർ ലോക്ക്‌ഡൗൺ കാലത്ത് നാലരലക്ഷം രൂപ ചെലവിട്ട് നവീകരിച്ച് പാതയുമൊരുക്കി. ടവറില്‍ നിന്നാല്‍ കല്ലടിക്കോടൻ മലനിരകളും മീൻവല്ലവും പാലക്കയവും കാണാം.

ചിലസമയങ്ങളിൽ വന്യമൃഗങ്ങളെയും കാണാം.ഒലവക്കോട് റേഞ്ചിൽ തുടിക്കോട് വനസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ് വെള്ളച്ചാട്ടവും ചുറ്റുമുള്ള വനമേഖലയും. സഞ്ചാരികൾക്ക് തുറന്നുനൽകുമ്പോള്‍ ഗൈഡിന്റെ സഹായമുൾപ്പെടെയുള്ള സൗകര്യം ഒരുക്കും.

കല്ലടിക്കോടൻ മലനിരകളിൽ നിന്നാരംഭിക്കുന്ന തുപ്പനാട് പുഴ 45 മീറ്റർ ഉയരത്തിൽനിന്നു തട്ടുകളായി താഴേക്കു പതിക്കുന്ന സ്ഥലമാണ് മീൻവല്ലം. ഈ പുഴ പിന്നീട് തൂതപ്പുഴയുമായി ചേരും. തുപ്പനാട് കവലയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ഈ വെള്ളച്ചാട്ടം.

ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മൂന്നു മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുള്ള  ചെറുകിട ജലവൈദ്യുത പദ്ധതി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പാലക്കാട്നിന്ന്‌ 26 കിലോമീറ്ററും മണ്ണാർക്കാട്നിന്ന്‌ 22 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

By Rathi N