Fri. Mar 29th, 2024

പെരുമ്പാവൂർ ∙

ട്രാവൻകൂർ റയോൺസ് കമ്പനിയിൽ വ്യവസായ ആവശ്യങ്ങൾക്ക് കിൻഫ്രയ്ക്ക് നൽകാൻ ലിക്വഡേറ്റർ അനുവദിച്ച 30 ഏക്കർ സ്ഥലം ഈ മാസം അളന്നു തിരിക്കും.  എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ  ധനാഭ്യർഥന  ചർച്ചയിൽ മന്ത്രി പി രാജീവാണ് നിയമസഭയിൽ  ഇക്കാര്യം അറിയിച്ചത്.കലക്ടറെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

മികച്ച വ്യവസായം  ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.  40 ഏക്കർ ആണ് കിൻഫ്രയെ  ഏൽപ്പിക്കാനാണു  തീരുമാനിച്ചതെങ്കിലും ലിക്വിഡേറ്റർ  30 ഏക്കർ ആണ്  അനുവദിച്ചത്. സംയുക്ത പരിശോധന ജൂൺ 29ന് പൂർത്തിയായി. 

റയോൺസ് കമ്പനിയുടെ ബാധ്യത തീർത്ത് സ്ഥലം ഏറ്റെടുക്കുന്നതിനു 2016 ജുലൈയിലാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നത്. വ്യവസായ ആവശ്യത്തിന് സ്ഥലം ഉപയോഗിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 72 ഏക്കറിൽ 5 ഏക്കർ കെഎസ്ഇബിക്കു നൽകി.

ബാക്കി 67 ഏക്കറുണ്ട്.22 ഏക്കറിലാണ് ഫാക്ടറിയും മറ്റ് കെട്ടിടങ്ങളും. റയോൺസ് കമ്പനി ലിക്വഡേഷൻ നടപടികൾ  വേഗത്തിൽ പൂർത്തിയാക്കണമെന്ന് എൽദോസ് കുന്നപ്പിളളി എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു. 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുകയാണു കമ്പനി.

67 ഏക്കർ സ്ഥലം കാടുകയറിക്കിടക്കുകയാണ്. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും, ധനകാര്യ സ്ഥാപനങ്ങളിലുള്ള കടബാധ്യതയും സർക്കാർ ഏകദേശം തീർത്തു . അടച്ചു പൂട്ടലിനെതിരെ തൊഴിലാളി യൂണിയൻ നൽകിയ കേസ് ഹൈക്കോടതിയിലുണ്ട്.

ആനുകൂല്യങ്ങൾ നൽകിയെന്നു സർക്കാർ സത്യവാങ്മൂലം നൽകിയാലെ കേസ് തീർപ്പാക്കുകയുള്ളു. സ്ഥലത്തിന്റെ ചുമതലയുള്ള കിൻഫ്രയ്ക്ക് വ്യവസായ പദ്ധതി നടപ്പാക്കണമെങ്കിൽ കേസ് തീർപ്പാകണം.

റയോൺസ് കമ്പനിയിൽ നിന്നുള്ള സൾഫ്യൂറിക് ആസിഡ് കലർന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. ശുദ്ധജലത്തിനായി 300 കുടുംബങ്ങൾ നെട്ടോട്ടമോടുകയാണ്.

By Rathi N