Mon. Dec 23rd, 2024
കോന്നി:

കോന്നിയുടെ വിദ്യാഭ്യാസ മേഖലയിലെ അറിവി​ൻെറ മുത്തശ്ശിയായ കോന്നി ഗവ എൽ പി സ്കൂളിന് 150 വർഷം പൂർത്തിയാവുന്നു. ഒരുവർഷം നീളുന്ന ആഘോഷപരിപാടികൾക്ക്​ രൂപം നൽകാനുള്ള തയാറെടുപ്പിലാണ്​ പി ടി എ. ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ കെട്ടിടം പെയിൻറ് അടിക്കാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ്. 30സൻെറിൽ പ്രവർത്തിക്കുന്ന സ്കൂളിന് സ്ഥലപരിമിതിയാണ് നേരിടുന്ന പ്രധാന പ്രശ്നം.

1871ൽ തിരുവിതാംകൂർ മഹാരാജാവായ അയില്യം തിരുനാൾ രാജാവാണ് പെൺകുട്ടികൾക്കായി ഈ വിദ്യാലയം അരംഭിച്ചത്. കോന്നിയിലെ പെൺപള്ളിക്കൂടം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് ആൺകുട്ടികൾക്കും പഠിക്കാൻ സൗകര്യമൊരുക്കി.

ഇന്ന് മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള സ്ഥാപനമാണ്. 1998ൽ വിദ്യാർഥികളുടെ കുറവുമൂലം അടച്ചുപൂട്ടൽ തീരുമാനിച്ചിരുന്നു. 2020-21 അധ്യയനവർഷത്തിൽ 125 കുട്ടികളാണ് പ്രവേശനം നേടിയത്.

ആകെ 570 കുട്ടികൾ നാലാംക്ലാസ് വരെ പഠിക്കുന്നു. പ്രീ പ്രൈമറി ക്ലാസിൽ 150 കുട്ടികൾ പഠിക്കുന്നു. പി ടി എ നേരിട്ടുവാങ്ങിയ രണ്ടുബസുകളും അടൂർ പ്രകാശ് എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് വാങ്ങിയ ഒരുബസും ആന്റോ ആൻറണി എം പി നൽകിയ ഒരുബസും ഉൾപ്പെടെ നാലു ബസുകൾ സ്കൂൾ ആവശ്യത്തിനായി ഓടുന്നു. 21 അധ്യാപകർ പഠിപ്പിക്കുന്നു.

ക്ലാസുകളിൽ ലൈബ്രറി, പഠനയാത്ര, വായനാമൂല, 21 ലാപ്‌ടോപ്പുകളുള്ള കംമ്പ്യൂട്ടർ ലാബ്, മന്നം മെമ്മോറിയൽ എൻ എസ് എസ്‌ കോളജുമായി ചേർന്ന് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ഒ എൻ വി സ്മാരക കലാ പരിശീലന കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നു.

ജില്ലയിലെ തന്നെ ഏറ്റവും അധികം കുരുന്നുകൾ പഠിക്കുന്ന ഈ സരസ്വതി ക്ഷേത്രത്തി​ൻെറ വികസനത്തിന് സർക്കാർ ഇടപെടൽ അടിയന്തരമാണെന്ന്​ പി ടി എ പ്രസിഡൻറ്​ അഡ്വ പേരൂർ സുനിൽ പറഞ്ഞു.

By Divya