Wed. Apr 24th, 2024
പരവൂർ:

കോവിഡ് വ്യാപനം മൂലം താൽക്കാലികമായി നിർത്തി വച്ച പൊഴിക്കര ടൂറിസം പദ്ധതിയുടെ നിർമാണം പുനരാരംഭിച്ചു. ഒരാഴ്ച മുൻപാണ് പണി വീണ്ടും ആരംഭിച്ചത്. കോവിഡ് ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നിർമാണം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു.

പദ്ധതിയുടെ ഭാഗമായി പൊഴിക്കര തീരത്ത് നിർമിച്ച നടപ്പാതയുടെ ഒരു ഭാഗം മേയിൽ ഉണ്ടായ ശക്തമായ ന്യൂനമർദത്തിൽ കടൽ കയറി തകർന്നിരുന്നു. 2018 ൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനു ശേഷം കരാറുകാരൻ വരുത്തിയ കാലതാമസവും തുടർന്നുണ്ടായ ലോക്ഡൗണും ആണ് പദ്ധതിയുടെ തുടർ നിർമാണത്തിനു തടസ്സമായത്.

2 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയിൽ കടലിനോടു ചേർന്ന് 200 മീറ്റർ ദൈർഘ്യമുള്ള നടപ്പാത, ഗാലറി, ഇരിപ്പിടങ്ങൾ, പടിപ്പുര എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരസഭയുടെ കായൽ തീരത്തുള്ള പഴയ സ്ലോട്ടർ ഹൗസ് രണ്ട് നിലകളായി പുനരുദ്ധരിച്ച് ഫെസിലിറ്റേഷൻ സെന്റർ നിർമിക്കും. ഇതിന്റെ നിർമാണവും പുരോഗമിക്കുകയാണ്. 

ഇതോടൊപ്പം ടിക്കറ്റ് കൗണ്ടർ, കോഫി ഷോപ്, സഞ്ചാരികൾക്ക് ഉദയാസ്തമയം കാണാനുള്ള വ്യൂ പോയിന്റ്, ശുചിമുറികൾ, പാർക്കിങ് സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകാതെ നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

By Divya