Mon. Dec 23rd, 2024

ആലപ്പുഴ:

കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലി ഡോക്ടറെ മർദ്ദിച്ച സം ഭവത്തില്‍ ഒരാൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ വിശാഖ് വിജയ് എന്ന ആളെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവർ ഒളിവിലാണ്.

പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ശരത് ചന്ദ്രബോസിന് കഴിഞ്ഞ 24നാണ് മർദ്ദനമേറ്റത്. കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഉ‌ൾപ്പെടെ മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.

മിച്ചം  വന്ന വാക്സീൻ വിതരണം ചെയ്യുന്നതിന്‍റെ പേരിലാണ് പ്രാദേശിക സിപിഎം നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമെത്തിയ 10 പേർക്ക് കൂടി വാക്സീൻ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കിടപ്പുരോഗികൾക്കായി മാറ്റിവച്ചതാണെന്നും നൽകാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്തെന്നാണ് ഡോക്ടറുടെ പരാതി.

By Rathi N