Thu. Mar 28th, 2024
കോട്ടയം:

ജില്ലയിലെ ജിയോളജി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെ തുടർന്ന്‌ ഒരു വർഷത്തോളമായി പൂഴ്ത്തിവച്ച 600 ഫയലുകളും ക്വാറി–ക്രഷർ നടത്തിപ്പിനുള്ള 19 അപേക്ഷകളും ജിയോളജി ഓഫീസർക്ക്‌ കൈക്കൂലി നൽകാനായി കരാറുകാരൻ കൊണ്ടുവന്ന 5000 രൂപയും പിടിച്ചെടുത്തു.

ജിയോളജി ഓഫീസിലെ അഴിമതിയും ഇടനിലക്കാരുടെ ഇടപെടലും കാണിച്ച്‌ വിജിലൻസ് എസ്‌പി വി ജി വിനോദ്കുമാറിന്‌ ലഭിച്ച പരാതിയെ തുടർന്നാണ്‌ ചൊവ്വാഴ്ച രാവിലെമുതൽ പരിശോധന നടത്തിയത്‌. മണ്ണ് ഖനനത്തിന് അടക്കം പെർമിറ്റ് അനുവദിക്കുന്നതിൽ വലിയ ക്രമക്കേട് നടന്നതായി പരിശോധനയിൽ കണ്ടെത്തി.

പരാതികളും അപേക്ഷകളും വച്ചുതാമസിപ്പിക്കുന്നതായും കൈക്കൂലി ലഭിച്ചശേഷം മാത്രം ഈ പരാതികളിൽ തീർപ്പുണ്ടാക്കുന്നതായും കണ്ടെത്തി. 600 ഓളം ഫയലുകളിൽ ഏഴുമാസംമുതൽ ഒരുവർഷംവരെ വൈകിപ്പിച്ചവയുമുണ്ട്‌. ജിയോളജിസ്റ്റിനെ കാണാൻ ക്യൂനിന്നവരിൽ ഒരാളുടെ പക്കൽനിന്ന്‌ ഫയൽനമ്പർ രേഖപ്പെടുത്തിയ കവറിൽനിന്ന്‌ 5000 രൂപ പിടിച്ചെടുത്തു.

ഇത്‌ ജിയോളജിസ്റ്റിനുനൽകാൻ കൊണ്ടുവന്നതാണെന്ന്‌ വ്യക്തമായ സാഹചര്യത്തിൽ ഈ പണം ട്രഷറിയിൽ അടയ്‌ക്കുമെന്ന്‌ വിജിലൻസ്‌ അധികൃതർ പറഞ്ഞു. ജിയോളജി ഓഫീസിൽ ഏജന്റ് മുഖാന്തിരമാണ് ഇടപാടുകളെന്ന്‌ പരിശോധനയിൽ വ്യക്തമായി. കൈക്കൂലി വാങ്ങാനും അപേക്ഷകൾ തീർപ്പാക്കാനും ഏജന്റ് തന്നെയാണ് മുൻകൈ എടുത്തിരുന്നത്.

ഇൻസ്‌പെക്ടർമാരായ കെ ആർ മനോജ്, സജു എസ് ദാസ്, എഎസ്ഐമാരായ സ്റ്റാൻലി തോമസ്, ഡി ബിനു, ടി ഇ ഷാജി, സിവിൽ പൊലീസ് ഓഫീസർ അനൂപ്, വിജേഷ്, ടാക്‌സ് ഓഫീസർ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

By Divya