തിരുവനന്തപുരം:
ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ആർഎസ്എസ് ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാവുന്നു. അവരുടെ ശ്രമം വിജയിക്കാത്ത ഒരു ഇടം മലയാളികളുടെ മാതൃഭൂമിയായ കേരളമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴിതി.
‘കേരളത്തിലെ ഹിന്ദുക്കളില്‍ മുസ്‌ലിം പേടി ഉണ്ടാക്കി ഭൂരിപക്ഷമതവിഭാഗത്തിന്റെ നേതാക്കളാവാനായിരുന്നു ആർഎസ്എസ് ഒരു നൂറ്റാണ്ട് ശ്രമിച്ചത്. പക്ഷേ, ഹിന്ദുക്കള്‍ ഈ വര്‍ഗീയ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞു.
അപ്പോള്‍ എങ്ങനെ പിടിച്ചുനില്‍ക്കാം എന്ന ചിന്തയില്‍ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളില്‍ മുസ്‌ലിം വിരോധം കുത്തിവച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആർഎസ്എസ് ചിന്തിക്കുന്നത്. അതായത്, മുസ്‌ലിം വിരോധം ആവുംവിധം ആളിക്കത്തിച്ചിട്ടും ഹിന്ദുക്കളെ പാട്ടിലാക്കാന്‍ പറ്റാത്തിടത്ത് ക്രിസ്ത്യാനികളെ ചൂണ്ടയില്‍ കൊരുക്കാനാവുമോ എന്നൊരു ചിന്ത!
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സൂചനകള്‍ നോക്കിയാല്‍ തന്നെ വ്യക്തമാണ്, ഈ ശ്രമം പാളിപ്പോയി. ‘ലവ് ജിഹാദ്’ തുടങ്ങിയ ഇല്ലാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അത്തരംചിന്ത ആളിക്കത്തിക്കാന്‍ ആർഎസ്എസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലമുണ്ടായില്ല,’ എംഎ ബേബി പറഞ്ഞു.