Mon. Dec 23rd, 2024
ന്യൂഡൽഹി:

കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വേരിയന്റാണ് B.1.617 എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കത്ത് നൽകി. ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം എന്ന് ശാസ്ത്രീയമായി ഉദ്ധരിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസിൻ്റെ ഇന്ത്യൻ വകഭേദം വ്യാപിക്കുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രസ്താവന തെറ്റാണെണും ഇത് നീക്കംചെയ്യണമെന്നുമാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ B.1.617 വേരിയന്റുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഇന്ത്യൻ വേരിയന്റ് എന്ന പദം എവിടെയും പ്രതിപാദിച്ചിട്ടില്ല. അതിനാൽ അത്തരം പ്രയോഗങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നമെന്നാവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങൾക്ക് കത്ത് നൽകി.

ബ്രിട്ടൻ, ബ്രസീൽ, സൗത്ത്ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടെത്തിയ വകദേദങ്ങൾക്ക്ശേഷം വന്ന നാലാമത്തെ വകഭേദമാണ് B.1.617. എന്നാൽ ഇതിന് ഏതെങ്കിലും രാജ്യത്തിൻ്റെ പേര് സൂചിപ്പിച്ചിട്ടില്ല. വകഭേദത്തിൻറെ ശാസ്ത്രീയ നാമം ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശവും.

കഴിഞ്ഞദിവസം സിംഗപ്പൂർ വകദേദം എന്ന് അരവിന്ദ് കേജ്‌രിവാൾ നടത്തിയ പ്രസ്താവന നീക്കം ചെയ്യണമെന്ന് സിംഗപ്പൂർ ഗവൺമെൻ്റ് സോഷ്യൽ മീഡിയക്ക് നിർദ്ദേശം നൽകിയിരുന്നു. സിംഗപ്പൂർ വകഭേദം എന്നൊന്നില്ലെന്നും ഇന്ത്യൻ വകഭേദമാണ് തീവ്രവ്യാപന സ്വഭാവമുള്ളതെന്നും സിംഗപ്പൂർ സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.

By Divya