മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും മുൻ ആരോഗ്യമന്ത്രിയായ കെ കെ ഷൈജ ടീച്ചറുടെയും മറ്റ് മന്ത്രിസഭാഗങ്ങളുടെയും ഭരണമികവ് കൊണ്ട് കേരളത്തിൽ ഇടത് തരംഗം ശക്തമായി പ്രതിഫലിച്ച് പിണറായി സർക്കാർ രണ്ടാമതും മന്ത്രിസഭയിൽ. പിണറായി വിജയന്റെ നേതൃത്വത്തിൽ 21 അംഗ ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
പുതിയ മന്ത്രിസഭയിൽ സിപിഐ (എം) ന് 12 മന്ത്രിമാരും സിപിഐ നാല് മന്ത്രിമാരും കേരള കോൺഗ്രസ് (എം), ഇന്ത്യൻ നാഷണൽ ലീഗ് , ഡെമോക്രാറ്റിക് കേരള കോൺഗ്രസ് , നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി , ജനതാദൾ (എസ്) എന്നിവരാണ് ഉള്ളത് . സി.പി.എമ്മിലെ എം.ബി രാജേഷ് സ്പീക്കറും സി.പി.ഐയുടെ ചിറ്റയം ഗോപകുമാറുമാണ് പുതിയ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ. കാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പായി കെസി (എം) ലെ എൻ ജയരാജിനെ നിയമിച്ചു. മന്ത്രിസഭയിലെ 21 മന്ത്രിമാരിൽ 17 പേർ പുതുമുഖങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ പൊതുഭരണം, ആസൂത്രണം, പരിസ്ഥിതി, മലിനീകരണ നിയന്ത്രണം, ഐടി, മെട്രോ റെയിൽ, ആഭ്യന്തരം, വിജിലൻസ്, ഫയർ ഫോഴ്സ്, ജയിൽ, മറ്റ് മന്ത്രിമാർക്ക് ഇല്ലാത്ത എല്ലാ വകുപ്പുകളും

സംസ്ഥാനത്തു കാലാവധി പൂർത്തിയാക്കി തുടർഭരണ നേട്ടം കൈവരിച്ച ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രം രചിച്ച പിണറായി വിജയൻ സത്യപ്രതിജ്ഞയിലും ചരിത്രം കുറിച്ചു. ഇതുവരെ കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തതു മന്ത്രിമാർ എന്ന നിലയിലായിരുന്നെങ്കിൽ, പിണറായി ഇന്നലെ സത്യവാചകം ചൊല്ലി അധികാരമേറ്റതു മുഖ്യമന്ത്രി എന്ന പദവിയിലേക്ക്. 42 വർഷത്തിനിടയിൽ കേരളത്തിൽ തുടർഭരണം നേടിയ ആദ്യമുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റth. 2016 മെയ് 25-നാണ് കേരളത്തിൻ്റെ 12-ാം മുഖ്യമന്ത്രിയായി പിണറായി ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചെയ്തത്. അഞ്ച് വർഷത്തിനിപ്പുറം അതേവേദിയിൽ ചരിത്രം വിജയം നേടി പിണറായി രണ്ടാമൂഴത്തിൽ അധികാരമേറ്റു.
കെ രാജൻ – റവന്യു, സർവേ, ലാന്റ് റെക്കോർഡ്സ്, ഭൂപരിഷ്കരണം

കർഷക കുടുംബത്തിൽ നിന്നും റവന്യു മന്ത്രി പദത്തിലേക്ക് ഒല്ലൂർ മണ്ഡലത്തിൻ്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് കെ.രാജൻ മന്ത്രിയാകുന്നത്. ഇതുവരെ രണ്ടു തവണ ആരെയും വാഴിച്ചിട്ടില്ലാത്ത ഒല്ലൂർ നിയോജക മണ്ഡലത്തിൽ ആദ്യമായാണ് രണ്ടാം കുറി കെ.രാജൻ വിജയിച്ചത്. വിപ്ലവ സ്മരണകളിരമ്പുന്ന അന്തിക്കാടിൻ്റെ മണ്ണിൽ ജനിച്ച കെ.രാജൻ. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ കടന്നു വന്ന യുവജന പോരാളിയാണ്. IASF മുൻ സംസ്ഥാന സെക്രട്ടറി, നിലവിലെ IAYF ദേശീയ സെക്രട്ടറി സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുടങ്ങി സംഘടനാ രംഗത്തെ ശ്രദ്ധേയ സാന്നിധ്യം.
റോഷി അഗസ്റ്റിൻ – ജലവിതരണ വകുപ്പ്, ഭൂഗർഭ ജല വകുപ്പ്

ഇടുക്കി ജില്ലയുടെ അതേപേരിലുള്ള മണ്ഡലത്തിൽ നിന്ന് ആദ്യമായി ഒരു മന്ത്രിയുണ്ടാവുന്നതും റോഷി അഗസ്ടിനിലൂടെയാണ്. അഞ്ചാം തവണ ഇടുക്കിയില്‍ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളാണ് കടുത്ത മത്സരത്തിലും മുന്നണി മാറിയിട്ടും റോഷി അഗസ്റ്റിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച് യു ഡി എഫ് കോട്ടകളിൽ പോലും മികച്ച ഭൂരിപക്ഷം നേടാനായി. വരത്തനെന്ന, സ്വന്തം പാർട്ടിക്കാർ ഉൾപ്പടെയുള്ളവരുടെ ആക്ഷേപങ്ങളെല്ലാം മറികടന്ന് 2001ൽ ആദ്യമായി റോഷി നിയമസഭയിൽ എത്തി. തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി. ഇടുക്കി മെഡിക്കല്‍ കോളേജും പുതിയ താലൂക്കും നിരവധിയായ റോഡുകളും പാലങ്ങളും ഹൈടെക് സൗകര്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഷിയുടെ നേതൃത്വത്തിൽ ഒരുങ്ങി. 2018 ലെ മഹാപ്രളയത്തിൽ ജനങ്ങളോടൊപ്പം നിലകൊണ്ട് പുനർനിർമ്മാണം സാധ്യമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
കെ കൃഷ്ണൻകുട്ടി – വൈദ്യുതി

കഴിഞ്ഞ സര്‍ക്കാരിൽ എംഎം മണി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് സിപിഎം ഘടകകക്ഷിയായ ജെഡിഎസിന് കൈമാറി. കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും അംഗമായിരുന്നു കെ കൃഷ്ണൻകുട്ടിയ്ക്ക് ജലവിഭവ വകുപ്പിൻ്റെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി ഈ വകുപ്പ് സിപിഎം കേരള കോൺഗ്രസ് എമ്മിന് കൈമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പ് ജെഡിഎസിന് കൈമാറുന്നത്.
എകെ ശശീന്ദ്രൻ – വനം, വന്യജീവി സംരക്ഷണം

ഒന്നാം പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന എകെ ശശീന്ദ്രൻ ഇത്തവണ വനം വകുപ്പിന് നേതൃത്വം നൽകും. എൻസിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം പങ്കുവെയ്ക്കുമെന്ന് വാദം ഉയർന്നിരുന്നു എങ്കിലും തോമസ് കെ തോമസുമായി മന്ത്രിസ്ഥാനം പങ്കിടണമെന്ന സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്ററുടെ ആവശ്യം ദേശീയ നേതൃത്വം തള്ളിയ സാഹചര്യത്തിൽ എകെ ശശീന്ദ്രൻ 5 വർഷവും മന്ത്രിയായി തുടരും. 2011-ലും 2016 ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006-ൽ ബാലുശേരിയിൽ നിന്നും 1982-ൽ എടക്കാട്ടുനിന്നും 1980-ൽ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
അഹമ്മദ് ദേവർകോവിൽ – തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ

ഐഎൻഎല്‍ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ. തുറമുഖം, പുരാവസ്തു, മ്യൂസിയം വകുപ്പുകളുടെ ചുമതലയോടെയാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ ഭാഗമാകുന്നത്. ഇരട്ടി മധുരമായി പിറന്നാൾ ദിനത്തിലാണ് മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടര പതിറ്റാണ്ടായുള്ള ഐഎൻഎല്ലിന്റെ കാത്തിരിപ്പിന് ആണ് അഹമ്മദ് ദേവർ കോവിലിന്റെ മന്ത്രി സ്ഥാനത്തിലൂടെ അവസാനമാകുന്നത്. 27 വർഷം ഇടതിനൊപ്പം നിന്നതിനുള്ള അംഗീകാരമാണ് ഇത്. ഐഎൻഎൽ ദേശീയ ജനറൽ സെക്രട്ടറിയാണ് നിലവിൽ അഹമ്മദ് ദേവർകോവിൽ. ലീഗ് പിളർന്ന് 27 വര്‍ഷം മുമ്പ് നിലവില്‍ വന്ന ഇന്ത്യന്‍ നാഷണല്‍ ലീഗിന് കഴിഞ്ഞ മന്ത്രിസഭ വരെയും ഒരു മന്ത്രിസ്ഥാനം ലഭിച്ചിരുന്നില്ല.
അഡ്വ ആന്റണി രാജു – റോഡ് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം

കടലോര ജനതയുടെ ദുരിതം നേരിട്ട് അറിയാവുന്ന പൊതുപ്രവർത്തകനാണ് ആന്റണി രാജു. ദീർഖകാലം കൊണ്ട് ഇടതുപക്ഷ മുന്നണിയുടെ വക്താവുമാണ് ഇദ്ദേഹം. 1996-ലെ പത്താം കേരള നിയമസഭയിൽ തിരുവനന്തപുരം വെസ്റ്റ് നിയോജകമണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാംഗമായി. 2021-ലെ പതിനഞ്ചാം കേരള നിയമസഭയിൽ തിരുവനന്തപുരത്തു നിന്നാണ് ഇത്തവണ നിയമസഭാംഗമായത്. വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.സി.യിൽ പ്രവർത്തിച്ച് കേരള കോൺഗ്രസ് പാർട്ടിക്കാരനായി രാഷ്ട്രീയ ജീവിതമാരംഭിച്ചത്. പൊതുമേഖലാ സ്ഥാപനമായ തിരുവിതാംകൂർ സിമൻറ്സ് ലിമിറ്റഡിന്റെ ചെയർമാൻ. കരകൗശല വികസന കോർപ്പറേഷന്റെ ചെയർമാൻ. കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം എന്നി പദവികൾ കൂടെ ഇദ്ദേഹത്തിന് സ്വന്തമാണ്.
വി അബ്ദുറഹിമാൻ – കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റെയിൽവെ

മലപ്പുറം ജില്ലയിൽ നിന്നുള്ള മന്ത്രി പദവിയ്ക്ക് താനൂരിൽ നിന്നും വി അബ്ദു റഹ്മാൻ രണ്ടാമതും ജയിച്ച കയറുമ്പോഴാണ് മന്ത്രി സ്ഥാനം ലഭിക്കുന്നത്. 5 വര്ഷം കൊണ്ട് ഏകദേശം 1200 കോടിയുടെ വികസനം ഇദ്ദേഹത്തിന് കാഴ്ചവെക്കാൻ സാധിച്ചാണ് താനൂർ വഴി രണ്ടാം പിണറായി സർക്കാരിലേക്കു വി.അബ്ദുറഹിമാൻ നടന്നു കയറിയിരിക്കുകയാണ് . പുതിയ മന്ത്രിസഭയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള ഏക അംഗം കൂടിയാണ് ഈ തിരൂർ സ്വദേശി.
ജിആർ അനിൽ – ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി

നെടുമങ്ങാട് നിന്നാണ് ജിആര്‍ അനില്‍ നിയമസഭയിലേക്ക് എത്തുന്നത്. കന്നിയങ്കത്തില്‍ തന്നെ വിജയിച്ച് മന്ത്രിയാകുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് സിപിഐ നേതാവായ ജിആര്‍ അനില്‍. AISF, AIYF, കിസാന്‍സഭ എന്നിവയുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയുമായിരുന്നു. AITUC സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ് നിലവില്‍. മികച്ച സംഘാടകനെന്ന് പേരു കേട്ട ജിആർ അനിലിന് കൈമുതലായുള്ളത് മുപ്പത് വർഷത്തിലേറെയായുള്ള പൊതു പ്രവർത്തന പരിചയമാണ്.
കെഎൻ ബാലഗോപാൽ – ധനകാര്യം, ട്രഷറി, ഓഡിറ്റ്, KAFC തുടങ്ങിയവ

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി രാജ്യത്തെ ഏറ്റവും മികച്ച പാർലമെേൻററിയനുള്ള പുരസ്കാരത്തിനർഹനായ മികവുമായാണ് കെ.എൻ. ബാലഗോപാൽ മന്ത്രിസഭയിലെത്തുന്നത്. കൊട്ടാരക്കരയിൽനിന്ന് 10,814 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആദ്യമായാണ് നിയമസഭാംഗമാകുന്നത്. സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും കർഷകസംഘം സംസ്ഥാന സെക്രട്ടറിയുമാണ്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹത്തിെൻറ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു.
പ്രൊഫ ആർ ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കൃഷി, മൃഗസംരക്ഷണം, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രസ് എക്സാം,എൻസിസി, എഎസ്എപി, സാമൂഹ്യനീതി

തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിൽ മന്ത്രിയാകും.ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആർ ബിന്ദു കന്നിയങ്കത്തിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽനിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്
ചിഞ്ചുറാണി – ക്ഷീരവികസനം, മൃഗസംരക്ഷണം

സ്ത്രീ പ്രാതിനിധ്യത്തിൽ ചരിത്രം രചിച്ച പുതിയ ഇടതു സർക്കാരിൽ സിപിഐയുടെ ഏക വനിത പ്രതിനിധിയാണു ജെ.ചിഞ്ചുറാണി. ചടയമംഗലം എന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ 13,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചിഞ്ചുറാണി വിജയിച്ചത്. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലും അംഗമാണ് അവര്‍. നിയമസഭയിലേക്ക് ആദ്യമായിട്ടാണ് പ്രവേശനം നേടുന്നത്. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, സി.അച്യുത മേനോന്‍ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു. ബാലവേദിയിലൂടെയാണ് പൊതുജീവിതം ആരംഭിച്ചത്.
എംവി ഗോവിന്ദൻ മാസ്റ്റർ – എക്സൈസ്, തദ്ദേശ സ്വയംഭരണം, ഗ്രാമ വികസനം, നഗരാസൂത്രണം, കില

രാഷ്ട്രീയപ്രവർത്തനത്തിനായി അധ്യാപകജോലിയിൽനിന്ന് സ്വയം വിരമിച്ചയാളാണ് എം.വി. ഗോവിന്ദൻ മാസ്റ്റർ. ഡി.വൈ.എഫ്.യുടെ സ്ഥാപക അംഗവും കേരളത്തിലെ ആദ്യ സംസ്ഥാന പ്രസിഡന്റും. സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായ എം.വി. ഗോവിന്ദൻ മാസ്റ്റർ ഇത്തവണ തളിപ്പറമ്പിൽനിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അഡ്വ പിഎ മുഹമ്മദ് റിയാസ് – പിഡബ്ല്യുഡി, ടൂറിസം

നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ ജയിച്ചതിന്റെ ആഹ്ലാദത്തിനിടയില്‍ പി.എ.മുഹമ്മദ് റിയാസിന് മന്ത്രി സ്ഥാനവും ലഭിച്ചിരിക്കുകയാണ്. ബേപ്പൂരില്‍ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകൻ കൂടെയാണ് പി എ മുഹമ്മദ് റിയാസ്. യുവജനസംഘടനയായ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന സ്ഥാനത്തിരിക്കെ ഡിവൈഎഫ്‌ഐയുടെ ദേശീയ അധ്യക്ഷനെന്ന നിലയില്‍ നിന്ന് മന്ത്രി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് മുഹമ്മദ് റിയാസ്. 2017ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി. വൈകാതെ സിപിഎം സംസ്ഥാന സമിതിയിലുമെത്തി. പൗരത്വ നിയമ ഭേധഗതിക്കെതിരെയുളള സമരമടക്കം ദേശിയ തലത്തില്‍ ശ്രദ്ധ നേടിയ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പി പ്രസാദ് – കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ

രണ്ടാം പിണറായി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി ചേർത്തലയുടെ എംഎൽഎ പി പ്രസാദ്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള ഹൗസിങ് ബോർഡ് ചെയർമാനുമാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് ജനനം. പ്ലാച്ചിമടസമരം, നർമദ ബച്ചാവോ ആന്തോളന്‍ സമരത്തിൽ വന്ദനശിവ, മേധാപട്കർ ഉൾപ്പെടെയുള്ളവരുമായി പങ്കാളികളായി. ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് പുതിയമുഖം നൽകി.പ്ലാച്ചിമടസമരം, നർമദ ബച്ചാവോ ആന്തോളന്‍ സമരത്തിൽ വന്ദനശിവ, മേധാപട്കർ ഉൾപ്പെടെയുള്ളവരുമായി പങ്കാളികളായി. ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിന് പുതിയമുഖം നൽകി.
കെ രാധാകൃഷ്ണൻ – പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്ററികാര്യം.

ദേവസ്വം വകുപ്പ് കെ രാധാകൃഷ്ണന് നൽകാനുള്ള വിപ്ലവകരമായ തീരുമാനവുമായി സിപിഎം. ദളിത് വിഭാഗത്തിൽ നിന്നും ദേവസ്വം വകുപ്പ് മന്ത്രിയാകുന്ന വ്യക്തിയാണ് കെ രാധാകൃഷ്ണൻ.ശബരിമല വിഷയത്തില്‍ പഴികേള്‍ക്കേണ്ടിവന്ന ഒന്നാം പിണറായി സര്‍ക്കാര്‍ രണ്ടാം ടേമിലേക്കു കടക്കുമ്പോള്‍ ദേവസ്വം വകുപ്പിലെടുത്ത തീരുമാനം നിർണായകമായി.വിപ്ലവകരമായ തീരുമാനമെടുത്തത് മുഖ്യമന്ത്രിയാണ്. സ്പീക്കര്‍ പദവിയില്‍ ഇരുന്നു സഭ നിയന്ത്രിച്ചിട്ടുള്ള രാധാകൃഷ്ണന്‍ ഇനി ക്ഷേത്രഭരണത്തിലേക്ക്.
പി രാജീവ് – നിയമം, വ്യവസായം, മൈനിങ് ആൻഡ് ജിയോളജി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്ടൈൽ ,ഖാദി ആൻഡ് വില്ലജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടറേറ്റ്

തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ഏറ്റവുമധികം ജനശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നായിരുന്നു കളമശ്ശേരി. ഫലം വന്നപ്പോള്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ അബ്‍ദുള്‍ ഗഫൂറിനെ tholpich ജയിച്ചുകയറിയത് പി രാജീവ് പത്ത് വര്‍ഷമായി മുസ്‍ലിം ലീഗ് വിജയിച്ചു വരുന്നൊരു മണ്ഡലം പിടിച്ചെടുത്ത രാജീവിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് മന്ത്രിസ്ഥാനം.
സജി ചെറിയാൻ – ഫിഷറീസ്, സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, യുവജനകാര്യം

കോൺഗ്രസ് കോട്ടയായി അറിയപ്പെടുന്ന ചെങ്ങന്നൂരിനെ വീണ്ടും ചുവപ്പിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനത്തേയ്ക്ക്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഈ ചെങ്ങന്നൂർ കൊഴുവല്ലൂർ സ്വദേശി. എസ്‌എഫ്‌ഐയിലൂടെ പൊതുപ്രവർത്തനം തുടങ്ങി. സി.പി.എം. നേതാവ് എന്നതിനോടൊപ്പം കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ എന്നനിലയിലാണ് ചെങ്ങന്നൂരില്‍ ജനകീയ അടിത്തറ വിപുലപ്പെടുത്തിയത്. 2018-ല്‍ ചെങ്ങന്നൂരില്‍നടന്ന ഉപതിരഞ്ഞെടുപ്പില്‍ എം.എല്‍.എ. ആയി. സി.പി.എം. ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി, ജില്ലാസെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
വി ശിവൻകുട്ടി – പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ്, ഇന്റസ്ട്രിയൽ ട്രൈബ്യൂണൽ

സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലേക്ക് എത്തിച്ച നേമം തിരിച്ചുപിടിച്ചുകൊണ്ടാണ് വി. ശിവന്‍കുട്ടി നിയമസഭയിലേക്ക് എത്തുന്നത്. നേമം മണ്ഡലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചുവെന്നത് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിര്‍ണായകമായി. തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവ് കൂടിയാണ്.
വിഎൻ വാസവൻ – സഹകരണം, രജിസ്ട്രേഷൻ

രണ്ടാം പിണറായി സര്‍ക്കാരില്‍ കോട്ടയം ജില്ലയില്‍ നിന്ന് സി.പി.എമ്മിന്റെ പ്രാതിനിധ്യമാണ് വി.എന്‍. വാസവന്‍. പാര്‍ട്ടിയുടെ ജില്ലയിലെ ജനകീയ മുഖം. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2006-11 ല്‍ കോട്ടയം എം.എല്‍.എയായിരുന്ന അദ്ദേഹം നിയമസഭയില്‍ എത്തുന്നത് ഇത് രണ്ടാം വട്ടമാണ്.
വീണ ജോർജ് – ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിതാ ശിശു ക്ഷേമം.

ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പായ ആരോഗ്യം വീണാ ജോർജിന് ലഭിച്ചു. ആരോഗ്യമേഖലയിൽ തുടർച്ചയായ രണ്ടാം തവണയും വനിതാ മന്ത്രിയെ നിയമിച്ചുകൊണ്ടാണ് പിണറായി മന്ത്രിസഭയിലെ പട്ടിക. വീണാ ജോർജിലൂടെ പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ മന്ത്രി എന്ന ചരിത്രം കൂടിയാണ് കുറിക്കപ്പെടുന്നത്. മാധ്യമ പ്രവർത്തനത്തിലും ജനപ്രതിനിധി എന്ന നിലയിലും തിളങ്ങിയ വീണയുടെ രണ്ടാം വിജയം ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു.
വളരെ പ്രതീക്ഷയോടെയാണ് ഈ മന്ത്രിസഭയെ കേരളം കാണുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം. പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം. രണ്ടാം ഊഴത്തിൽ ജനങ്ങളുടെ പ്രതീക്ഷകൾ സംരക്ഷിച്ച് മികച്ച ഭരണം കാഴ്ച വെയ്ക്കാൻ ഒരുങ്ങുന്ന സർക്കാരിന് എല്ലാ വിധ ആശംസകളും നേരുന്നു.
https://youtu.be/GKIZSieaes8