ധാക്ക:
കൊവിഡ് കാലത്തെ ബംഗ്ലാദേശ് ആരോഗ്യ മന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ട അന്വേഷണാത്മക മാധ്യമപ്രവർത്തക അറസ്റ്റിൽ. ബംഗ്ലാദേശിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പ്രോതോം അലോ പത്രത്തിന്‍റെ ലേഖിക റോസിന ഇസ് ലാമിനെയാണ് അറസ്റ്റ് ചെയ്തത്. റോസിന പുറത്തുവിട്ട അഴിമതി രേഖകൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് കേസെടുത്തത്.
രേഖകൾ മോഷ്ടിച്ച കേസിൽ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ റോസിനയുടെ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കുറ്റം തെളിഞ്ഞാൽ റോസിനക്ക് 14 വർഷം തടവുശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാം.
റോസിനയുടെ അറസ്റ്റിൽ മാധ്യമപ്രവർത്തകർ ധാക്ക പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ചു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ മാധ്യമങ്ങൾക്കെതിരെ ആക്രമണം വർദ്ധിച്ചതായും പ്രതിഷേധക്കാർ ആരോപിച്ചു.
റോസിന ഇസ്‌ലാമിനെ ഉടൻ മോചിപ്പിക്കണമെന്ന് മാധ്യമപ്രവർത്തകരുടെ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഒരു പത്രപ്രവർത്തകയെ കസ്റ്റഡിയിലെടുക്കുകയും കൊളോണിയൽ കാലഘട്ടത്തിലെ നിയമം ചുമത്തി കേസെടുക്കുന്നതും ചെയ്യുന്നത് ക്രൂരനടപടിയാണെന്ന് മുതിർന്ന ഏഷ്യ ഗവേഷകയായ അലിയ ഇഫ്തിഖർ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ മാസങ്ങളായി ധാക്ക വിമാനത്താവളത്തിൽ കിടക്കുന്നതും ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള കൈക്കൂലിയും ആരോഗ്യ മന്ത്രാലയം നടത്തുന്ന സംഭരണങ്ങളിലെ അഴിമതിയുമാണ് റോസിന ഇസ് ലാം പുറത്തുവിട്ടത്. കൊവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ മന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പാളിച്ചകൾ റോസിനയുടെ റിപ്പോർട്ട് വിശദീകരിക്കുന്നുണ്ടെന്ന് ലോ ആൻഡ് മെഡിറ്റേഷൻ സെന്‍റർ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.